ലൈംഗിക പീഡനക്കേസില്‍ സന്തോഷ് മാധവന് എട്ട് വര്‍ഷം തടവ്

Posted on: December 19, 2013 11:36 am | Last updated: December 19, 2013 at 11:57 pm

santhosh madhavan

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിവാദ സന്യാസി സന്തോഷ് മാധവനെ ഹൈക്കോടതി എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. ഒരു കേസിലെ ശിക്ഷ കോടതി റദ്ദാക്കി. പീഡനരംഗങ്ങള്‍ സി ഡിയില്‍ പകര്‍ത്തിയ കേസിലെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത് .

നേരത്തെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച 16 വര്‍ഷം കഠിന തടവും 2,20,000 രൂപ പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
രണ്ടും രണ്ടു പെണ് കുട്ടികളെ മൂന്നിലേറെ തവണ പീഡനത്തിനിരയാക്കിയെന്ന കാരണത്താല്‍ രണ്ടു വീതം കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചിരുന്നത്. വെവ്വേറെ കേസുകളായതിനാലും കുറ്റകൃത്യത്തിന്റെ ഹീനത വിലയിരുത്തിയും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്നായിരുന്നു കീഴിക്കോടതിയുടെ വിധി. എന്നാല്‍ കേസില്‍ സിഡിയിലെ ദൃശ്യങ്ങള്‍ മാത്രം കോടതി കണക്കിലെടുത്തതും നീതീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നാല് വര്‍ഷത്തിനു ശേഷം സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഒരു കേസില്‍ ഈ വാദം ഹൈക്കോടതിയുടെ ജ.ഭവദാസന്‍ അംഗമായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം കേസില്‍ പെണ്‍കുട്ടികളുടെ മൊഴികള്‍ ശക്തമായതിനാല്‍ സന്തോഷ് മാധവനെ കുറ്റവിമുക്തനാക്കുവാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.