Connect with us

Palakkad

ചിട്ടിക്കമ്പനി തട്ടിപ്പ്: ഒളിവിലായിരുന്ന എംഡി അറസ്റ്റില്‍

Published

|

Last Updated

ചിറ്റൂര്‍: മുല്ലക്കല്‍ ചിട്ടിക്കമ്പനി തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കമ്പനി എം ഡിയെ ചിറ്റൂര്‍ സി ഐയും സംഘവും അറസ്റ്റ് ചെയ്തു. പള്ളുരുത്തി പെരുമ്പടവ് കിളിരൂര്‍ കോയികുഞ്ഞുവിന്റെ മകന്‍ ആന്റണി കോശി (35)യാണ് ചൊവ്വാഴ്ച രാത്രി എറണാകുളത്ത് വെച്ച് അറസ്റ്റിലായത്. പ്രതിയില്‍ നിന്നും 42,000 രൂപ പോലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 12നാണ് ബേങ്ക് ബാലന്‍സ് പിന്‍വലിച്ച ശേഷം കമ്പനി പൂട്ടി ഇയാള്‍ മുങ്ങിയത്. ആന്റണി കോശി ഇതുകൂടാതെ നിരവധി കേസില്‍ പ്രതിയാണ്. ഗോവ, തിരുവനന്തപുരം, കൊളംബോ എന്നിവിടങ്ങളില്‍ ഒളിച്ച് താമസിച്ച ശേഷമാണ് എറണാകുളത്തെത്തിയത്. എറണാകുളത്ത് എത്തിയ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ പോലീസ് വരുന്നതറിഞ്ഞ് ലോഡ്ജില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ ്‌ചെയ്തു. ആന്റണികോശിക്കെതിരെ 1,098 പേര്‍ പരാതി നല്‍കിയിട്ടുണ്ട്. ഏകദേശം 99 ലക്ഷം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. കൊല്ലങ്കോട്, ആലത്തൂര്‍, വടക്കഞ്ചേരി സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ പരാതികളുണ്ട്. 35 ലക്ഷത്തിന്റെ കുഴല്‍പ്പണം തട്ടാന്‍ ശ്രമിച്ചതിനും പുള്ളുരുത്തിയില്‍ ബൈക്കില്‍ സഞ്ചരിച്ച വ്യാപാരിയുടെ ഒന്നര കിലോ സ്വര്‍ണം അപഹരിച്ച കേസിലും പ്രതിയാണ് ആന്റണി. ചിറ്റൂര്‍ സി ഐ എ എം സിദ്ദീഖ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത്. എസ് ഐ മോഹന്‍ദാസ്, ജേക്കബ്, ജയകുമാര്‍, ഷാലുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest