Connect with us

Malappuram

മണല്‍ കടത്തിയാല്‍ ഗുണ്ടാ നിയമ പ്രകാരം കേസ്

Published

|

Last Updated

മലപ്പുറം: പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വിധം മണലെടുപ്പ്, അനധികൃത ഖനനം എന്നിവയിലേര്‍പ്പെടുന്നവരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകരായി കണക്കാക്കി കരുതല്‍ തടങ്കലില്‍ വെക്കാമെന്ന് കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (കാപ്പ) സംബന്ധിച്ച ഉപദേശക ബോര്‍ഡ് അറിയിച്ചു. കലക്റ്ററേറ്റില്‍ പൊലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ശില്‍പശാലയിലാണ് ജില്ലയിലെ പ്രധാന കുറ്റകൃത്യങ്ങളായ മണലെടുപ്പ്, മോഷണം എന്നിവ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചയുണ്ടായത്.
കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി പോലീസുകാര്‍ മണലെടുപ്പ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുത്ത് ബന്ധപ്പെട്ടവരെ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലാ കലക്റ്റര്‍ക്ക് ശുപാര്‍ശ നല്‍കാം. എന്നാല്‍ സാക്ഷികളായി മറ്റ് ഏതെങ്കിലും വകുപ്പുകളിലെ രണ്ട് ഉദ്യോഗസ്ഥരുണ്ടാവണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. റവന്യു-പഞ്ചായത്ത് ജീവനക്കാരുടെ പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പാക്കാം. കുറ്റകൃത്യം ചെയ്തവരുടെ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ സമാന കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് വേണം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍. വ്യാജവാറ്റ്, കള്ള നോട്ട്, പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ ഡാറ്റയുടെ പകര്‍പ്പവകാശ ലംഘനം, ലഹരി വസ്തുക്കളുടെ നിര്‍മാണം-വില്‍പന, ഹവാല ഇടപാട്, വാടക ഗുണ്ടകളെ ഉപയോഗിക്കല്‍, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍, അമിത പലിശക്ക് പണം വായ്പ നല്‍കല്‍ തുടങ്ങിയവ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി കരുതല്‍ തടങ്കലില്‍ വെക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
പൊതുജനാരോഗ്യത്തിനോ പാരിസ്ഥിതിക വ്യവസ്ഥയ്‌ക്കോ പൊതുഖജനാവിനോ സ്വകാര്യ വ്യക്തികളുടെ സ്വത്തിനോ ഹാനികരമായ വിധത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ തടങ്കലിന് വകുപ്പുണ്ട്. അതിനാല്‍ നിയമവശങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ “പൊതുസമാധാനം” ഉറപ്പാക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് പി.രാംകുമാര്‍ നിര്‍ദേശിച്ചു. ഗവ. പ്ലീഡര്‍മാര്‍, പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
വിചാരണ കൂടാതെ ഒരു വ്യക്തിയെ തടവില്‍ വെയ്ക്കാനുള്ള നിയമമായതിനാല്‍ സര്‍ക്കാറിലേയ്ക്ക് ശുപാര്‍ശ ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുന്ന അടിസ്ഥാന രേഖകള്‍ പോലീസുകാര്‍ സൂക്ഷ്മതയോടെ തയ്യാറാക്കണം. “കാപ്പ” സമൂഹനന്മക്കായി വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു.
ബോര്‍ഡ് അംഗം റിട്ട. ജസ്റ്റിസ് പോള്‍ സൈമണ്‍, ജില്ലാ കലക്റ്റര്‍ കെ ബിജു, ബോര്‍ഡ് സെക്രട്ടറി ജോസഫ് രാജന്‍, എ ഡി എം. പി മുരളീധരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി പി ബി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

 

Latest