Connect with us

Palakkad

സുന്നി പ്രവര്‍ത്തകരുടെ കൊല: സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും

Published

|

Last Updated

പാലക്കാട്: കല്ലാംകുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് സുന്നിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി പറഞ്ഞു. നാളെ ചെര്‍പ്പുളശേരിയില്‍ നടക്കുന്ന ആദര്‍ശസമ്മേളനത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നി പ്രസ്ഥാനത്തെയും പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തകരെ ആസൂത്രിതമായി അക്രമിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാതെ ജനരോഷം ശമിപ്പിക്കുന്നതിന് ഏതാനും പ്രതികളെ പിടി കൂടി കേസ് അന്വേഷണം അട്ടിമറിക്കാനാണ് രാഷ്ട്രീയ- ഭരണ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് ശ്രമിക്കുന്നത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ശറഫുദ്ദീനിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി സിഐമാരും നാല് എസ്‌ഐമാരും ഉള്‍പ്പെടുന്ന ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നിട്ടും ഒന്നാംപ്രതിയടക്കമുള്ളവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സുന്നിപ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും . കല്ലാംകുഴി പള്ളത്ത് വീട്ടില്‍ നൂറുദ്ദീന്‍, ഹംസ എന്നീ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടി കൂടണമെന്നാവശ്യപ്പെട്ട് സുന്നി പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, ജില്ലാ വൈസ് പ്രസിഡന്റ് യു എ മുബാറക് സഖാഫി പങ്കെടുത്തു.