Connect with us

International

റഷ്യയുമായുള്ള കരാര്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും: ഉക്രൈന്‍

Published

|

Last Updated

മോസ്‌കോ/ക്വീവ്: യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര കരാറില്‍ നിന്ന് ഒഴിവായി റഷ്യയുമായുള്ള കരാറില്‍ ഒപ്പു വെച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി മികോള അസാറോവ് വ്യക്തമാക്കി. ക്വീവില്‍ മന്ത്രിതല യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന് സാമ്പത്തിക സ്ഥിരത കൈവരിക്കാനും ബേങ്കുകളുടെ പാപ്പരത്ത അവസ്ഥ പരിഹരിക്കാനും റഷ്യയുമായുള്ള കരാര്‍ സഹായകമാകുമെന്നും 150 കോടി ഡോളറിന്റെ സഹായം റഷ്യ നല്‍കുമെന്നും അസാറോവ് വ്യക്തമാക്കി.
യൂറോപ്യന്‍ യൂനിയനുമായുള്ള കരാറില്‍ നിന്ന് പിന്മാറി റഷ്യയുമായി അടുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഉക്രൈനില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന് സാധരണക്കാര്‍ പിന്മാറാന്‍ റഷ്യയുടെ സഹായ പ്രഖ്യാപനം സഹായിക്കുമെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ചുമായി മോസ്‌കോയില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉക്രൈനിനെ സഹായിക്കുമെന്ന് യാന്‍കോവിച്ചിന് പുടിന്‍ ഉറപ്പ് നല്‍കി. പഴയ സോവിയേറ്റ് യൂനിയന്‍ രാഷ്ട്രമായ ഉക്രൈനിലേക്ക് കുറഞ്ഞ നിരക്കില്‍ പാചകവാതകങ്ങള്‍ എത്തിക്കാനും ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, റഷ്യയുടെ സഹായ പ്രഖ്യാപനം പ്രക്ഷോഭകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് നടത്തിയ റഷ്യാ സന്ദര്‍ശനം വിവാദമായിരിക്കുകയാണ്. രാജ്യത്തെ റഷ്യക്ക് പണയപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും യാന്‍കോവിച്ച് ഉടന്‍ രാജിവെക്കണമെന്നും പ്രക്ഷോഭക നേതൃത്വം അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഉക്രൈനിലെ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുമായുള്ള കരാര്‍ പ്രാപ്തമല്ലെന്ന് യു എസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
റഷ്യയുമായി കരാര്‍ ഒപ്പുവെച്ചതോടെ ജര്‍മനിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഉക്രൈനിനെതിരെ രൂക്ഷമായ പരാമര്‍ശം നടത്തി. അതേസമയം, ഉക്രൈന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്ന പാശ്ചാത്യ ശക്തികളെ റഷ്യ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണമുള്ള കരാറാണ് യാന്‍കോവിച്ചുമായി നടന്ന ചര്‍ച്ചയില്‍ ഉണ്ടായതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി.
അതിനിടെ, ഉക്രൈന്‍ തലസ്ഥാനമായ ക്വീവില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കൂടുതല്‍ സമര മുറകളുമായി രംഗത്തെത്തി. ഇന്റിപെന്‍ഡന്‍സ് ചത്വരത്തില്‍ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഇന്നലെയും തമ്പടിച്ചു.