നയതന്ത്രജ്ഞയെ തിരിച്ചെത്തിക്കാതെ പാര്‍ലിമെന്റിലേക്കില്ലെന്ന് ഖുര്‍ശിദ്‌

Posted on: December 19, 2013 5:00 am | Last updated: December 18, 2013 at 11:26 pm

ന്യുഡല്‍ഹി: അമേരിക്കയില്‍ അപമാനിക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞയെ നാട്ടില്‍ തിരിച്ചെത്തിക്കാതെ താന്‍ പാര്‍ലിമെന്റിലേക്ക് കയറില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി ഖോബ്രഗഡയെ വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടുറോഡില്‍ വെച്ച് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്. അവരെ കൈവിലങ്ങ് വെക്കുകയും മയക്കുമരുന്നിന് അടിമകളായവര്‍ക്കൊപ്പം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്ത സംഭവം ഇന്ത്യ- അമേരിക്ക നയതന്ത്ര ബന്ധത്തില്‍ അലോസരം ഉണ്ടാക്കിയിട്ടുണ്ട്. വിവസ്ത്രയാക്കി ദേഹപരിശോധന നടത്തിയ ദേവയാനിയെ വന്‍ തുക ജാമ്യം നല്‍കിയ ശേഷമാണ് ജയിലില്‍ നിന്ന് വിട്ടത്.
ദേവയാനി നിരപരാധിയാണെന്നും അവര്‍ക്കെതിരായ നടപടി അനാവശ്യമായിരുന്നുവെന്നും രാജ്യസഭയിലും ലേക്‌സഭയിലും നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ ഖുര്‍ശിദ് വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്രജ്ഞയെ വെട്ടിലാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നയതന്ത്രജ്ഞയുടെ അഭിമാനം പരിരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായും ഫലപ്രദമായും ഇടപെട്ടിട്ടുണ്ടെന്ന് സ്വമേധയായുള്ള പ്രസ്താവനയില്‍ ഖുര്‍ഷിദ് പറഞ്ഞു. ‘ഇത് എന്റെ ഉത്തരവാദിത്വമാണ്. ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട നയതന്ത്രജ്ഞയെ നമ്മള്‍ തിരിച്ചുകൊണ്ടുവന്ന് അവരുടെ മാന്യത പുനഃസ്ഥാപിക്കും. ഇതില്‍ പരാജയപ്പെട്ടാല്‍ ഈ സഭയിലേക്ക് ഞാന്‍ തിരിച്ചുവരില്ല. പ്രഥമവും പ്രധാനവുമായ ശ്രമം അവരെ നാട്ടിലെത്തിക്കുക എന്നതാണ്. അത് കഴിഞ്ഞ് അമേരിക്കന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തും ‘- അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. അമേരിക്കന്‍ നടപടിയെ അവര്‍ അപലപിക്കുകയും ചെയ്തു.
ഈ സംഭവത്തില്‍ ഇന്ത്യ അതിരൂക്ഷമായി തന്നെ അമേരിക്കയോട് പ്രതികരിച്ചു. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്കുള്ള സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍, എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അനുവദിച്ചിരുന്ന സൗജന്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുകള്‍, എയര്‍പേര്‍ട്ട് പാസ് എന്നിവ തിരിച്ചേല്‍പ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. എംബസിയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളും ഇന്ത്യ തേടിയിട്ടുണ്ട്.