ഗ്രോസറിയില്‍ കടന്ന മോഷ്ടാക്കളെ പിടികൂടി

Posted on: December 18, 2013 7:07 pm | Last updated: December 18, 2013 at 7:07 pm

അബൂദബി: ഗ്രോസറിയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ മലയാളികള്‍ ഓടിച്ചിട്ട് പിടികൂടി.
അബൂദബി മുറൂര്‍ റോഡില്‍ അല്‍ ജസീറ മ്യൂസിയത്തിന് സമീപത്തെ ബ്യൂട്ടിലൈന്‍ ബഖാലയിലെ മോഷണ ശ്രമമാണ് വിഫലമായത്. ഗ്രോസറിയുടെ ചില്ലുകള്‍ തകര്‍ത്ത് മോഷണം നടത്തുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ ജീവനക്കാര്‍ മോഷ്ടാക്കളെ പിടികൂടിയത്. സെക്യൂരിറ്റിക്കാരന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ എത്തിയത്.
പുലര്‍ച്ചെ 3.10ഓടെയാണ് കടയില്‍ ആരോ കയറിയതായി സെക്യൂരിറ്റി ജീവനക്കാരന്‍ ജീവനക്കാരെ ഫോണില്‍ അറിയിച്ചത്. ജീവനക്കാര്‍ ഗ്രോസറിയിലേക്ക് പാഞ്ഞെത്തിയപ്പോള്‍ കടയില്‍ നിന്ന് ഇറങ്ങിഓടുന്ന മോഷ്ടാക്കളെയാണ് കണ്ടത്. ഇവര്‍ ഒച്ചവെച്ച് പിറകെ ഓടി ഒരാളെ പിടികൂടി. ശബ്ദം കേട്ട് എത്തിയ സി ഐ ഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബാക്കി മൂന്ന് പേരെയും പിടികൂടുകയായിരുന്നു
കടയിലെ മുന്നിലെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ച ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബഖാല. ജീവനക്കാരായ ജംഷീദ്, മഹ്മൂദ്, റഷീദ്, ത്വയ്യിബ്, സെക്യൂരിറ്റിക്കാരനായ ഗഫാര്‍ എന്നിവരാണ് സാഹസികമായി മോഷ്ടാക്കളെ പിടികൂടിയത്.