സര്‍ക്കാര്‍ രൂപവത്കരണം: ജനാഭിപ്രായം ആരാഞ്ഞ് എ എ പി

Posted on: December 18, 2013 12:06 am | Last updated: December 18, 2013 at 12:06 am

imagesന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രുപവത്കരിക്കുന്നതിന് മുമ്പ് വോട്ടര്‍മാരുടെ അഭിപ്രായം തേടുമെന്ന് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണമോ വേണ്ടയോ എന്ന അഭിപ്രായമാണ് വോട്ടര്‍മാരില്‍ നിന്ന് തേടുന്നത്. 25 ലക്ഷം വോട്ടര്‍മാര്‍ക്ക് കത്തയക്കാനും പാര്‍ട്ടി തീരുമാനിച്ചു.
എസ് എം എസ് വഴിയും ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 08806110335 എന്ന നമ്പറിലേക്ക് യെസ് അല്ലെങ്കില്‍ നോ എന്നാണ് എസ് എം എസ് അയക്കേണ്ടത്.
ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റായ aamaadmiparty.org ലും ഫേസ്ബുക്കിലും അഭിപ്രായം രേഖപ്പെടുത്താം. എല്ലാ മുനിസിപ്പല്‍ വാര്‍ഡുകളിലും നഗരങ്ങളിലും ജനങ്ങളുടെ പ്രതികരണം തേടി പൊതുയോഗങ്ങളും പാര്‍ട്ടി സംഘടിപ്പിക്കും.
രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനാല്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത തെളിഞ്ഞിരിക്കയാണ് ഡല്‍ഹിയില്‍. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടി പത്ത് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ വിവിധ ആവശ്യങ്ങളുന്നയിച്ച് എ എ പി കോണ്‍ഗ്രസിനും ബി ജെ പിക്കും കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടി കോണ്‍ഗ്രസ് നല്‍കിയതോടെയാണ് കോണ്‍ഗ്രസ് പിന്തുണ വേണമോ വേണ്ടയോ എന്ന് ആം ആദ്മി പാര്‍ട്ടി പൊതുജനാഭിപ്രായം തേടുന്നത്.