മദ്‌റസാ മോഡണൈസേഷന്‍ ഫണ്ട് തുക വര്‍ധിപ്പിക്കണം

Posted on: December 18, 2013 12:26 am | Last updated: December 17, 2013 at 11:27 pm

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മദ്‌റസാ നവീകരണ ഫണ്ട് തുക വര്‍ധിപ്പിച്ച് നിലവില്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം പരിഷ്‌കരിക്കണമെന്ന് വി എം കോയ മാസ്റ്റര്‍ ആവശ്യപ്പെട്ടു. നിലവില്‍ പി ജി ബി എഡ് യോഗ്യതയുള്ള അധ്യാപകര്‍ക്ക് നല്‍കുന്ന വേതനം പന്ത്രണ്ടായിരം രൂപയില്‍ നിന്ന് ഇരുപതിനായിരം രൂപയായും ഡിഗ്രി ബി എഡ് യോഗ്യതയുള്ളവര്‍ക്ക് നല്‍കുന്ന വേതനം ആറായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയായും വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പള്ളം രാജുവിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സെന്ററില്‍ നടന്ന മദ്‌റസാ മോഡണൈസേഷന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസാ ഗ്രാന്റിനുള്ള അപേക്ഷ സ്വീകരിക്കുക മാര്‍ച്ചില്‍ ആയിരിക്കണമെന്നും അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഫണ്ട് വിതരണം ചെയ്യുന്ന അവസ്ഥ ഉണ്ടാകണമെന്നും കേരളത്തിലെ മദ്‌റസാ ഗ്രാന്‍ഡ് വിതരണം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാറ്റി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കീഴിലാക്കണമെന്നും ലക്ഷദ്വീപിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും കൂടി മദ്‌റസാ മോഡണൈസേഷന്‍ സ്‌കീം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.