Connect with us

International

പാദത്തില്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി പൂര്‍വ സ്ഥിതിയിലേക്ക്‌

Published

|

Last Updated

ബീജിംഗ്: അറ്റുപോയ വലതു കൈപ്പത്തിയെ ഒരു മാസക്കാലം സംരക്ഷിച്ചത് ഇടത് കാല്‍ പാദങ്ങള്‍. ജോലിക്കിടെ ഡ്രില്ലിംഗ് മിഷനില്‍ കുടിയ കൈപ്പത്തി സംരക്ഷിക്കാന്‍ വേണ്ടി ചൈനയിലെ ചംഗ്ഷാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 25കാരനായ യുവാവിന്റെ കൈപ്പത്തി കണങ്കാലിന് മുകളില്‍ തുന്നിച്ചേര്‍ത്തത്. ഹുനാന്‍ പ്രവിശ്യയിലെ സിയോ വെയ് എന്ന യുവാവിന്റെ കൈപ്പത്തിയെ പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നത്. ഒരു മാസം മുമ്പ് പാദത്തില്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തിയിലെ രക്തയോട്ടം സാധാരണ നിലയിലെന്ന് ഉറപ്പായതോടെ കൈപ്പത്തി പൂര്‍വസ്ഥിതിയിലേക്ക് തുന്നിച്ചേര്‍ത്തു. ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി മേധാവികളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ യുവാവിന്റെ വലതു കൈപ്പത്തി പൂര്‍ണമായും അറ്റുപോയിരുന്നു. കൈ തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്ത വിധം കൈകള്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയ്യാറെടുത്തത്. നിരന്തരമായ പരിചരണത്തിലൂടെയും തറാപ്പിയിലൂടെയും യുവാവിന്റെ കൈപ്പത്തി പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സെപ്തംബറില്‍ സമാനമായ ശസ്ത്രക്രിയ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുസ്ഹൗ ആശുപത്രിയില്‍ നടന്നിരുന്നു. സിയോലിയാന്‍ എന്ന 22കാരന്റെ അപകടത്തില്‍ തകര്‍ന്ന മൂക്ക് നെറ്റിയില്‍ തുന്നിച്ചേര്‍ക്കുകയും പിന്നീട് ഒരു മാസത്തിന് ശേഷം അത് പൂര്‍വസ്ഥിതിയിലേക്ക് തുന്നച്ചേര്‍ക്കുകയും ചെയ്തിരുന്നു.