ഉത്രാടം തിരുന്നാള്‍ യാത്രയായത് യു എ ഇ സന്ദര്‍ശനത്തിന് മുമ്പ്‌

Posted on: December 17, 2013 10:08 pm | Last updated: December 17, 2013 at 10:08 pm

ദുബൈ: യു എ ഇ സന്ദര്‍ശനം ബാക്കിയാക്കിയാണ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ യാത്രയായത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരുന്നു അദ്ദേഹം യുഎഇയിലെത്താന്‍ പരിപാടിയിട്ടിരുന്നത്.
അബുദാബിയില്‍ ഇന്തോ-അറബ് സംഗമത്തില്‍ പങ്കെടുക്കാനായിരുന്നു പദ്ധതിയെന്ന് സംഘാടകരിലൊരാളായ അസീസ് അബ്ദുല്ല പറഞ്ഞു. നേരിട്ട് ചെന്ന് ക്ഷണിച്ചത് പ്രകാരം ഈ വര്‍ഷം നവംബര്‍ 15ന് വരാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും അസുഖം കാരണം യാത്ര റദ്ദാക്കി.
വീണ്ടും അടുത്തിടെ അദ്ദേഹത്തെ ചെന്ന് കണ്ട് ക്ഷണിക്കുകയും ഫെബ്രുവരിയില്‍ വരാന്‍ തീരുമാനിക്കുകയുമായിരുന്നു. അബുദാബിയില്‍ ബി ആര്‍ ഷെട്ടി ഉത്രാടം തിരുന്നാളിന്റെ സന്ദര്‍ശനത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ചെയ്തിരുന്നു.
യു എ ഇ സന്ദര്‍ശനത്തിന് അദ്ദേഹം ഏറെ കൊതിച്ചിരുന്നു. ഇന്ത്യയും അറബ്‌നാടും തമ്മിലുള്ള സൗഹൃദ-വ്യാപാര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള പരിപാടി അദ്ദേഹം തന്നെയാണ് നിര്‍ദേശിച്ചത്. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉപജീവനം നടത്തുന്ന യുഎഇയോടുള്ള തന്റെ കൃതജ്ഞതയും അന്ന് ഉത്രാടം തിരുന്നാള്‍ അറിയിച്ചു.