പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ അടുത്ത വര്‍ഷം ആരംഭിക്കും

Posted on: December 17, 2013 10:07 pm | Last updated: December 17, 2013 at 10:07 pm

അബുദാബി: പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന പുതിയ മാധ്യമ സ്ഥാപനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചെയര്‍മാന്‍ നൗഷാദ് അബ്ദുല്‍റഹുമാനും മാനേജിംഗ് ഡയറക്ടര്‍ കെ ചന്ദ്രസേനനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അബുദാബി മീഡിയായുടേയും അബുദാബി മീഡിയസോണ്‍ അതോറിറ്റിയുടേയും അനുമതിയോടെ മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ റേഡിയോ ‘ പ്രവാസി ഭാരതി 810 എ എം 2014 മേയ് മാസത്തില്‍ പ്രക്ഷേപണം തുടങ്ങുമെന്ന് ചന്ദ്രസേനന്‍ വെളിപ്പെടുത്തി. മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ റേഡിയോയാവും ഇത്.
ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു നൂതന മധ്യമസഞ്ചയമാണ് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനെന്ന് ഇരുവരും പറഞ്ഞു.
ഡോ. റെജി മേനോന്‍ കമ്പനിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. റേഡിയോ പ്രക്ഷേപണം, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണം, ഇന്ത്യന്‍ ഭാഷകളില്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍, ഇവന്റ് ആന്റ് എക്‌സിബിഷന്‍, വെബ്് കണ്ടന്റ് പ്രൊഡക്ഷന്‍സ്, സോംഗ് ആന്‍ഡ് ഡ്രാമ വിഭാഗം, ചലച്ചിത്ര നിര്‍മ്മാണവും വിതരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.
അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അബുദാബിക്ക് പുറമേ ദുബൈയിലും തിരുവനന്തപുരത്തും സ്വന്തം സ്റ്റുഡിയോ ആരംഭിക്കും. കൂടാതെ ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ന്യൂഡല്‍ഹി, മുംബൈ, കൊച്ചി, കോഴിക്കോട്, തിരിവനന്തപുരം എന്നിവിടങ്ങളില്‍ ന്യൂസ് ബ്യൂറോകളും മാര്‍ക്കറ്റിംഗ് ഓഫീസുകളും നിലവില്‍ വരുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ട്രാന്‍സ്മിറ്റര്‍ വഴി ഒരേ സമയം അനലോഗിലും, ഡിജിറ്റലിലും ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കുന്നത്.
റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതിനോടൊപ്പം ഗള്‍ഫ് മലയാളം ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണവും തുടങ്ങും. ആദ്യ സംരംഭമായി ജനുവരി 16 (വ്യാഴം) അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വച്ച് ‘പ്രേംനസ്സീര്‍ സ്മരണാഞ്ജലീ’ എന്ന പരിപാടി അരങ്ങേറും. ഡയറക്ടര്‍ അഡ്വ. അന്‍സാരി സൈനുദ്ദീന്‍, റേഡിയോ വിഭാഗം മാനേജര്‍ നദാ മുഹമ്മദ് അല്‍ മെമാറി, അബുദാബി മീഡിയ അതോറിറ്റി സീനിയര്‍ മാനേജര്‍ ഫിലിപ്പ് ഹബ്ബാഡ് പങ്കെടുത്തു.