Connect with us

Gulf

ബോട്ടപകടത്തില്‍ പരുക്കേറ്റ മലയാളി മൂന്നര മാസമായി ആശുപത്രിയില്‍

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനില്‍ ബോട്ടപകടത്തില്‍പ്പെട്ട ആശുപത്രിയിലായിട്ട് മൂന്നര മാസം. പയ്യോളിക്കടുത്ത് ഐനിക്കാട് സ്വദേശി മണിയൂര്‍ പഞ്ചായത്ത് പതിയാരക്കര മുല്ലത്തുനടയില്‍ താമസക്കാരനായ ഇസ്മായില്‍ (40) ആണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഉമ്മുല്‍ ഖുവൈനിലെ അറബി വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ സഹജീവനക്കാരനുമായി രാത്രിയില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു. ഇതിനിടെ ബോട്ട് പൊട്ടിത്തെറിച്ചായിരുന്നു അപകടം.

മത്സ്യബന്ധനത്തിനു ശേഷം വലയും മീനും സുഹൃത്തുക്കളെ ഏല്‍പ്പിച്ച് ഇസ്മാഈലും മറ്റൊരു സുഹൃത്തും ബോട്ട് കരക്കടുപ്പിക്കാനായി പോയി. കടലിനരികില്‍ ബോട്ട് ഒതുക്കിയാല്‍ വേലിയിറക്കത്തില്‍ കരക്കായിപ്പോകുമെന്നതിനാല്‍ കടലില്‍ കുറച്ചകലെ ബോട്ട് ഒതുക്കാന്‍ പോകുന്നതിനിടെ ബോട്ടിന്റെ എഞ്ചിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇരുവരും രണ്ടുഭാഗങ്ങളിലേക്കു തെറിച്ചു വീണു. സംഭവത്തില്‍ ഇസ്മാഈലിനു ഗുരുതരമായി പരുക്കേറ്റു. തലയുടെ പിന്‍ഭാഗത്തു അടിപറ്റിയതിനാല്‍ ശരീരം നിശ്ചലമായി. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനും പരുക്കേറ്റെങ്കിലും ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരുന്നു. ഇസ്മാഈല്‍ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ ഇപ്പോഴും ഐ സി യുവില്‍ വെന്റിലേറ്ററിലാണ്. കൈകാലുകളിലെ പരുക്കുകള്‍ ശസ്ത്രക്രിയയിലൂടെ ഭേദമായെങ്കിലും ബോധം വരാത്തതിനാല്‍ തൊണ്ടയില്‍ ദ്വാരമിട്ടാണ് ഭക്ഷണവും മരുന്നുകളും നല്‍കുന്നത്. ആദ്യമൊന്നും ഡോക്ടര്‍മാര്‍ക്ക് ആരോഗ്യം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പ്രാര്‍ഥനയാല്‍, കണ്ണ് തുറക്കുകയും ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയുമായിരുന്നു.
ഭാര്യയും ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍ കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഇസ്മായില്‍. മൂവരും വിദ്യാര്‍ഥികളാണ്. 15 വര്‍ഷമായി യു എ ഇയിലുള്ള ഇസ്മാഈലിന്റെ ആകെ സമ്പാദ്യം ഒരു ചെറിയ വീടാണ്. അതും പണി പൂര്‍ത്തിയായിട്ടില്ല. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി ഭാര്യ കണ്ണീരടക്കി പ്രാര്‍ഥനയോടെ ദിനങ്ങള്‍ തള്ളിനീക്കുന്നു. ഉമ്മര്‍ കുട്ടിയാണ് ഇസ്മാഈലിന്റെ പിതാവ്. വിവരങ്ങള്‍ക്ക്: 055-9524404 (അശ്‌റഫ് മണിയൂര്‍), 055-5064737 (ഖാസിം)