മോദിക്കെതിരെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചൂല്‍ യാത്ര

Posted on: December 17, 2013 12:17 am | Last updated: December 17, 2013 at 12:17 am

aam admiഅഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ അഴിമതി തുറന്ന് കാണിക്കാനായി ആം ആദ്മി പാര്‍ട്ടി ‘ചൂല്‍ യാത്ര’ നടത്തും. സംസ്ഥാനത്താകെ പര്യടനം നടത്തുന്ന ജാഥ അടുത്ത മാസം 26നാണ് ആരംഭിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തങ്ങളുടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നതിന്റെ ഭാഗമാണ് യാത്രയെന്നും എ എ പി ദേശീയ നിര്‍വാഹക സമിതി അംഗം ദിനേശ് വഗേല പറഞ്ഞു. സംസ്ഥാന നിര്‍വാഹക സമിതിയുടെ ദ്വിദിന യോഗത്തിലാണ് ‘ചൂല്‍ യാത്ര’ സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ ഗുജറാത്തില്‍ സംഘടനക്ക് 5000 സജീവ പ്രവര്‍ത്തകരുണ്ട്. ഡല്‍ഹിയിലെ തിളക്കമാര്‍ന്ന വിജയത്തോടെ അംഗസംഖ്യ 17,000മായി ഉയര്‍ന്നു.
ഈ പ്രവണത ഇനിയും തുടരുമെന്നും ഗുജറാത്തില്‍ പാര്‍ട്ടി വന്‍ശക്തിയായി മാറുമെന്നും ദിനേശ വഗേല പ്രത്യാശ പ്രകടിപ്പിച്ചു.
ഗുജറാത്തിലെ ആകെയുള്ള 26 സീറ്റിലും എ എ പി മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ഇക്കാര്യം ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.