കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പദ്ധതി

Posted on: December 16, 2013 8:21 pm | Last updated: December 16, 2013 at 8:21 pm

ദുബൈ: യു എ ഇയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എമിറേറ്റ്‌സ് സ്റ്റാന്‍േറഡൈസേഷന്‍ മെട്രോളജി അതോറിറ്റി (എസ്മ) പദ്ധതി തയ്യാറാക്കി. 2014 ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പദ്ധതിപ്രകാരം കുടിവെള്ളശേഖരണം മുതലുള്ള ഓരോ ഘട്ടത്തിലും പരിശോധന കര്‍ശനമാക്കുകയും നിയമലംഘകര്‍ക്ക് വന്‍തുക പിഴചുമത്തുകയും ചെയ്യും.
കുടിവെള്ളശേഖരണം, സൂക്ഷിക്കല്‍, വിതരണം തുടങ്ങിയ ഓരോ ഘട്ടത്തിലുമുള്ള സൂക്ഷ്മമായ കാര്യങ്ങള്‍പോലും നിരീക്ഷണവിധേയമാക്കും. വിവിധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ബോട്ടിലുകള്‍ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പുവരുത്തും. വെള്ളം കിണറ്റില്‍നിന്ന് ശേഖരിച്ചതാണോ അതോ ശുദ്ധീകരിച്ചെടുത്തവയാണോ എന്ന് ബോട്ടിലില്‍ രേഖപ്പെടുത്തണം. കുടിവെള്ള ബോട്ടിലുകള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളുടെ ഊഷ്മാവ് നിശ്ചിതപരിധിയില്‍ കൂടാന്‍ പാടില്ല. ബോട്ടിലുകള്‍, കൂളറുകള്‍, കണ്ടെയ്‌നറുകള്‍, ടാങ്കറുകള്‍, പൈപ്പ്‌ലൈന്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പുവരുത്തും. എസ്മയുടെ ഗുണനിലവാരമുദ്രയായ ഇ.ക്യു.എം അടയാളം ഇല്ലാത്ത ബോട്ടിലുകള്‍ കണ്ടുകെട്ടും. നിയമലംഘകര്‍ക്ക് 30,000 മുതല്‍ ഒരുലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുകയും കര്‍ശനനടപടി കൈക്കൊള്ളുകയും ചെയ്യും.
നിലവില്‍ നിയമം ആവശ്യപ്പെടുന്ന കുറഞ്ഞനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് കമ്പനികള്‍ ചെയ്യുന്നതെങ്കില്‍ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്ന് എസ്മ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍മുഹമ്മദ് സാലിഹ് ബദ്‌രി വ്യക്തമാക്കി.