പ്യുയോള്‍ വിരമിക്കാനൊരുങ്ങുന്നു

Posted on: December 16, 2013 12:34 pm | Last updated: December 16, 2013 at 12:34 pm

puyolമാഡ്രിഡ്: ബാഴ്‌സലോണ നായകനും സ്പാനിഷ് പ്രതിരോധ താരവുമായ കാര്‍ലോസ് പ്യുയോള്‍ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിരന്തരം വേട്ടയാടുന്ന പരുക്കുകളാണ് 35കാരനായ താരത്തെ വിരമിക്കല്‍ ചിന്തയിലേക്ക് നയിക്കുന്നതെന്ന് കറ്റാലന്‍ സ്‌പോര്‍ട്‌സ് ദിനപത്രമായ മണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു. അടിക്കടിയേറ്റ പരുക്കുകളും കാല്‍മുട്ടിലെ ശസ്ത്രക്രിയക്കും ശേഷം നീണ്ട ഇടവേള പിന്നിട്ട് കഴിഞ്ഞ ഒക്‌ടോബറിലാണ് താരം വീണ്ടും കളിക്കളത്തില്‍ സജീവമായത്. എങ്കിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്യുയോള്‍ മൈതാനത്തിറങ്ങിയത് നാല് തവണ മാത്രമാണ്. നടപ്പ സീസണോടെ മത്സര രംഗത്ത് നിന്ന് ഒഴിവാകാനുള്ള താത്പര്യം അടുത്ത ടീമംഗങ്ങളോടും ടീം അധികൃതരുമായും താരം പങ്കുവെച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് പൂര്‍ണ ആരോഗ്യവാനായി ഇനി കളിക്കളത്തില്‍ തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്ലെന്ന് പ്യുയോള്‍ വിശ്വസിക്കുന്നു.
ബാഴ്‌സലോണയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് പ്യുയോള്‍. മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങലും ആറ് ലാ ലീഗ കിരീടങ്ങളും പ്യുയോള്‍ ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ കുപ്പായത്തില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള എട്ട് സ്പാനിഷ് താരങ്ങളില്‍ ഒരാളാണ് ബാഴ്‌സലോണ നായകന്‍. 2008ലെ യൂറോ കപ്പ്, 2010ലെ ലോകകപ്പ് കിരീട വിജയങ്ങളിലും സ്പാനിഷ് ടീമില്‍ നിര്‍ണായക സ്ഥാനം പ്യുയോള്‍ അലങ്കരിച്ചിരുന്നു.