മാഞ്ചസ്റ്റര്‍ വിജയ വഴിയില്‍

Posted on: December 16, 2013 12:32 pm | Last updated: December 16, 2013 at 12:32 pm

manuലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. ആസ്റ്റണ്‍ വില്ലയെ അവര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. ഡാനി വെല്‍ബെക്കിന്റെ ഇരട്ട ഗോള്‍ മികവാണ് മാഞ്ചസ്റ്ററിന് വിജയമൊരുക്കിയത്. ശേഷിച്ച ഗോള്‍ ക്ലെവര്‍ലിയുടെ ബൂട്ടില്‍ നിന്ന് പിറന്നു. ജയം മാഞ്ചസ്റ്റര്‍ മാനേജര്‍ ഡേവിഡ് മോയസിന് ആശ്വാസം നല്‍കുന്നതാണ്. ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന അവര്‍ക്ക് ഇതോടെ 22 പോയിന്റായി. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനോടും ന്യൂകാസിലിനോടും തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി നട്ടം തിരിഞ്ഞ മാഞ്ചസ്റ്റര്‍ ട്രാക്കിലാകുന്ന സൂചനകളും മത്സരത്തില്‍ കാണാന്‍ കഴിഞ്ഞു. ആഗസ്റ്റിന് ശേഷം ടീമിനായി വല ചലിപ്പിക്കാന്‍ സാധിക്കാതിരുന്ന വെല്‍ബെക്കിന്റെ ഗംഭീര തിരിച്ചു വരവാണ് മത്സരത്തെ ആവേശകരമാക്കിയത്. കളിയുടെ 15, 18 മിനുട്ടുകളിലായിരുന്ന വെല്‍ബെക്ക് വല ചലിപ്പിച്ചത്. രണ്ടാം പകുതി തുടങ്ങി 52ാം മിനുട്ടിലാണ് ക്ലെവര്‍ലി മാഞ്ചസ്റ്ററിന്റെ മൂന്നാം ഗോള്‍ തന്റെ പേരിലെഴുതി ചേര്‍ത്തത്.
മറ്റൊരു മത്സരത്തില്‍ നോര്‍വിച്ച് സിറ്റി- സ്വാന്‍സീ സിറ്റി പോരാട്ടം 1-1ന് സമനിലയില്‍ അവസാനിച്ചു.