സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്‍ഡിപെന്‍ഡന്റും ഈഗിള്‍സും ഇന്ന് കൊമ്പുകോര്‍ക്കുന്നു

Posted on: December 16, 2013 12:25 pm | Last updated: December 16, 2013 at 11:50 pm

മീനങ്ങാടി: സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ‘എ’യിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദേശതാരങ്ങളടങ്ങുന്ന എറണാകുളം ഈഗിള്‍സ് എഫ്.സി മലപ്പുറം മങ്കട ഇന്‍ഡിപെന്‍ഡന്‍സ് സോക്കറിനെ നേരിടും. മീനങ്ങാടി ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി ഏഴിനാണ് മത്സരം.
പ്രീ ക്വാര്‍ട്ടറില്‍ വയനാട് ഫാല്‍ക്കന്‍സിനെ ഗോള്‍മഴയില്‍ കുളിപ്പിച്ചാണ് ഈഗിള്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്. ഏകപക്ഷീയമായ എട്ട് ഗോളിനായിരുന്നു ഈഗിള്‍സിന്റെ വിജയം. തിരുവനന്തപുരം കെ.എസ്.ഇ.ബിയെ ‘ക്ഷ’ വരപ്പിച്ചാണ് ഇന്‍ഡിപെന്‍ഡന്‍സ് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്. സന്തോഷ്‌ട്രോഫിയില്‍ കേരള ടീമിന്റെ ഉപനായകനായിരുന്ന വി.വി.സുര്‍ജിത് നയിച്ച കെ.എസ്.ഇ.ബിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മങ്കടയുടെ കുട്ടികള്‍ മറികടന്നത്.
ഫാല്‍ക്കന്‍സിനെ വിഴുങ്ങാനായെങ്കിലും മങ്കടയെ എഴുതിത്തള്ളാന്‍ ഈഗിള്‍സ് തയാറല്ല. 2005 മുതല്‍ 2008 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ സഹപരിശീലകനായിരുന്ന ബാംഗ്ലൂര്‍ സ്വദേശി സ്റ്റാന്‍ലി റൊസാരിയോയാണ് ഈഗിള്‍സ് എഫ്.സിയുടെ മുഖ്യപരിശീലകന്‍. ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തില്‍ കെ.എസ്.ഇ.ബിയുമായുള്ള മങ്കടയുടെ പോരിന് സാക്ഷിയായിരുന്നു സ്റ്റാന്‍ലി. മത്സരശേഷം തല ഉയര്‍ത്തി കളംവിടുന്ന മങ്കടയുടെ കളിക്കാരെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ:’ ദീസ് ബോയ്‌സ് ആര്‍ വെരി ടാലന്റഡ്. ദൈ നോ ഹൗ ടു പ്ലേ ആസ് എ ടീം’. ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലേക്കുള്ളവഴി കല്ലും മുള്ളും നിറഞ്ഞതാണെന്ന ബോധ്യം ഈഗിള്‍സ് കോച്ചിന്റെ വാക്കുകളില്‍ വ്യക്തം.
വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ജഴ്‌സിയണിഞ്ഞതിന്റെ പത്രാസ് ഇല്ലെങ്കിലും പ്രതിഭാസമ്പന്നമാണ് മുന്‍ സംസ്ഥാന താരം കെ.സുരേന്ദ്രന്റെ ശിക്ഷണത്തിലുള്ള ഈന്‍ഡിപെന്‍ഡന്റ് സോക്കര്‍. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തുകാര്‍ മാത്രം ഉള്‍പ്പെടുന്നതാണ് ടീം. അണ്ണാമല സര്‍വകലാശാല താരവുമായ ടി.കമാലുദ്ദീനാണ് ക്യാപ്ടന്‍. താരങ്ങളില്‍ ഗോള്‍ കീപ്പര്‍ പി.ദേവദാസ്, സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ ടി.വിഷ്ണു, സെന്‍ട്രല്‍ ഫോര്‍വേഡ് എം.ഷാനവാസ് എന്നിവര്‍ വയനാട്ടിലെ അരപ്പറ്റയില്‍ കഴിഞ്ഞമാസം നടന്ന സസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന്റെ ജഴ്‌സിയണിഞ്ഞവരാണ്.
ക്യാപ്ടന്‍ കമാലുദ്ദീനും(ഇടത്), പി.അര്‍ജുന്‍(വലത്) എന്നിവരും ഉള്‍പ്പെടുന്നതാണ് ആക്രമണനിര. ടി.വിഷ്ണു(സെന്‍ട്രല്‍) കെ.മാനാഫ്(വലത്), ഷിയാസ് അഹമ്മദ്(ഇടത്) എന്നിവരാണ് മധ്യനിരയില്‍. തരംകിട്ടിയാല്‍ എതിര്‍ ഗോള്‍മുഖം വിറപ്പിക്കുന്നതിലും ഇവര്‍ വിരുതര്‍. ലെഫ്റ്റ് മിഡ് ഫീല്‍ഡര്‍ ഷിയാസ് അഹമ്മദിന്റേതായിരുന്നു കെ.എസ്.ഇ.ബിയെ ചാമ്പ്യന്‍ഷിപ്പില്‍നിന്നു പുറത്താക്കിയ ഗോള്‍. അണ്ണാമല യൂനിവേഴ്‌സിറ്റി താരവുമായ എ.അബ്ദുല്‍ വാഹിദാണ് ഇന്‍ഡിപെന്‍ഡന്റിന്റെ വിങ് ബാക്ക്. ടി.സഫീര്‍, ടി.വിഷ്ണു(സ്റ്റോപ്പര്‍ ബാക്ക്) എന്നിവരും ഉള്‍പ്പെടുന്നതാണ് പ്രതിരോധനിര.
താരവൈവിധ്യമാണ് ഈഗിള്‍സ് എഫ്.സിയുടെ പ്രത്യേകതകളില്‍ ഒന്ന്. രാജ്യത്തിനകത്തും പുറത്തും നിന്നു തേടിപ്പിടിച്ച 32 താരങ്ങളുമായാണ് ഈഗിള്‍സ് ചാമ്പ്യന്‍ഷിപ്പിനെത്തിയത്. കഴിഞ്ഞദിവസം വയനാട് ഫാല്‍ക്കന്‍സിനെതിരെ അണിനിരന്നത് ഇതില്‍ 11 പേര്‍. നൈജീരിയയില്‍നിന്നുള്ള സക്കുബു കൊകൊ അറ്റാര്‍സ, ചാള്‍സ്, ഒഡിലി ഫെലിക്‌സ് ചിഡി, അമേരിക്കയില്‍നിന്നുള്ള വിജയ് റോബര്‍ട്ട് ഡയസ് എന്നിവരാണ് ഈഗിള്‍സിന്റെ വിദേശതാരങ്ങള്‍. സന്തോഷ്‌ട്രോഫിയില്‍ കേരളത്തിനുവേണ്ടി ജഴ്‌സിയണിഞ്ഞ ഗോള്‍ കീപ്പര്‍ കെ.വി.നസീബ്, അഹമ്മദ് മാലിക്, എ.എം.സുമേഷ്, കെ.നവാസ്, കെ.ജെ.അരുണ്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നതാണ് ഈഗിള്‍സിന്റെ താരശേഖരം. നൈജിരിയക്കാരന്‍ സക്കുബു കൊകൊയെയാണ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ഈഗിള്‍സിനെ നയിക്കാന്‍ കോച്ച് തെരഞ്ഞെടുത്തത്. ഫാല്‍ക്കന്‍സുമായുള്ള കളിയില്‍ രണ്ട് ഗോള്‍ സാക്കുബുവിന്റെ കാലുകളില്‍നിന്നായിരുന്നു.
സാക്കുബുവിനു പുറമേ കെ.ജെ.അരുണ്‍, ബിശ്വേശ്വര്‍ സിങ് എന്നിവരും ഈഗിള്‍സിനുവേണ്ടി രണ്ട് ഗോള്‍ വീതം നേടി. നദൂങ് ബൂട്ടിയ, ശ്രീജിത്ത് എന്നിവരായിരുന്നു മറ്റു ഗോള്‍ വേട്ടക്കാര്‍. കളിയുടെ ആറ്, 16, 19, 54, 56, 65, 74, 89 മിനിട്ടുകളിലായിരുന്നു ഗോള്‍വീഴ്ച. എട്ട് ഗോള്‍ വഴങ്ങിയെങ്കിലും അവസാനനിമിഷം വരെ പൊരുതിയാണ് ഫാല്‍ക്കന്‍സ് കീഴടങ്ങിയത്. ഈഗിള്‍സിന്റെ ഗോളി ജഗ്‌രൂപ് സിങിന് ഇടയ്‌ക്കൊക്കെ പന്തുപിടിക്കാന്‍ അവസരം സൃഷ്ടിച്ചതുതന്നെ വയനാട് ഫാല്‍ക്കന്‍സിന്റെ കളിമികവിനു തെളിവാണെന്ന് കാണികളില്‍ ചിലര്‍ പറഞ്ഞു. മത്സരത്തില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ഈഗിള്‍സിന്റെ പി.കെ.സുജിലിന് മീനങ്ങാടി എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടറും മുന്‍ ഫുട്ബാള്‍ താരവുമായ ജിമ്മി ജോസഫ് ട്രോഫി സമ്മാനിച്ചു.