പരിശോധനക്കിറങ്ങിയ പോലീസുകാരെ മണല്‍ മാഫിയ സംഘം ആക്രമിച്ചു

Posted on: December 16, 2013 12:00 pm | Last updated: December 16, 2013 at 12:00 pm

എടക്കര: മണല്‍ റെയ്ഡിനിറങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ മണല്‍ മാഫിയയുടെ അക്രമം.
എടക്കര സ്റ്റേഷനിലെ സിപിഒമാരായ പി എം ഷൈജുമോന്‍ (35), ജാബിര്‍(27) എന്നിവരെയാണ് മണലമാഫിയ സംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ഇവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെ മൂത്തേടം നമ്പൂരിപ്പൊട്ടിയിലാണ് സംഭവം. പുന്നപ്പുഴയുടെ നമ്പൂരിപ്പൊട്ടി കടവില്‍ നിന്നും അനധികൃത മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന് രാവിലെ സ്റ്റേഷന്‍ എസ്‌ഐക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഷൈജുമോന്‍, ജാബിര്‍ എന്നിവരെ സംഭവം അന്വേഷിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബൈക്കില്‍ നമ്പൂരിപ്പൊട്ടിയിലേക്ക് അയച്ചു. പോലീസുകാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും മണല്‍ കയറ്റിയ വാഹനം ഇവിടെനിന്നും കൊണ്ടുപോയിരുന്നു. പുഴയോരത്ത് തിരച്ചില്‍ നടത്തി പോലീസുകാര്‍ മടങ്ങുമ്പോള്‍ നമ്പൂരിപ്പൊട്ടി അങ്ങാടിക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞു. അസഭ്യവര്‍ഷത്തോടെയായിരുന്നു ആക്രമണം. ആദ്യം പോലീസുകാര്‍ സഞ്ചരിച്ച ബൈക്ക് സംഘം ചവുട്ടിമറിച്ചിട്ടു. ഈ സമയം മണല്‍ മാഫിയ സംഘത്തില്‍പെട്ട നാലുപേര്‍കൂടി സ്ഥലത്തെത്തി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
പോലീസുകാരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ സംഘത്തിലെ ചിലര്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ആക്രമണം നടക്കുന്നതിനിടെ ചിന്നിച്ചിതറിയ ഫോണ്‍ ശരിയാക്കി എടക്കര സ്റ്റേഷനിലേക്ക് വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് സംഘം പിന്‍വലിഞ്ഞത്. ഡിപ്പാര്‍ട്ട്‌മെന്റ് ബൈക്കിനും സംഘം കേടുപാടുകള്‍ വരുത്തി. മൂന്ന് ദിവസം മുന്‍പ് നമ്പൂരിപ്പൊട്ടി കടവില്‍ നിന്നും അനധികൃതമായി മണല്‍ കടത്തിയ രണ്ട് ടിപ്പറുകള്‍ എടക്കര പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ പകയാണ് പോലീസുകാര്‍ക്കുനേരെയുണ്ടായ ആക്രമണം. നമ്പൂരിപ്പൊട്ടി സ്വദേശികളായ പുതിയറ സുഹൈല്‍, മദാരി റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷൈജുമോന്‍, ജാബിര്‍ എന്നിവര്‍ പറഞ്ഞു.