Connect with us

National

രാജസ്ഥാനില്‍ 19 'ക്രിമിനല്‍' എം എല്‍ എമാര്‍

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരില്‍ 19 പേര്‍ കൊലക്കുറ്റം അടക്കമുള്ള ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. 39 എം എല്‍ എമാര്‍ തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ മറച്ചു വെച്ചാണ് ജനവിധി തേടിയത്. 19 പേരാകട്ടെ ഗുരുതരമായ കുറ്റങ്ങള്‍ക്ക് നിയമനടപടി നേരിടുന്നവരാണെന്ന് രാജസ്ഥാന്‍ ഇലക്ഷന്‍ വാച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 17 പേരും ബി ജെ പിയില്‍ നിന്നാണ്. രണ്ട് പേര്‍ സ്വതന്ത്ര എം എല്‍ എമാരാണ്. കളങ്കിതരായ അംഗങ്ങളെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലേക്ക് എടുക്കരുതെന്നും സ്ഥിരം സമിതികളില്‍ ഉള്‍പ്പെടുത്തരുതെന്നും മുഖ്യമന്ത്രി വസുന്ധരാ രാജയോട് ഇലക്ഷന്‍ വാച്ച് ആവശ്യപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 73 ശതമാനം പേരും കോടിപതികളാണ്. കഴിഞ്ഞ തവണ ഇത് 90 ശതമാനമായിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട 67 എം എല്‍ എമാരില്‍ 58 പേരും ബി ജെ പിയില്‍ നിന്നാണ്. ഇവരുടെ സ്വത്ത് 130 ശതമാനം വര്‍ധിച്ചുവെന്ന് വാച്ച് ചൂണ്ടിക്കാട്ടുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആറ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ സ്വത്ത് 144 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്. 2008ലേതിനേക്കാള്‍ സ്വത്ത് കുറഞ്ഞുവെന്ന് പ്രഖ്യാപിച്ചത് രണ്ട് എം എല്‍ എമാര്‍ മാത്രമാണ്. ഭരത്പൂരില്‍ നിന്നുള്ള ബി ജെ പി അംഗം വിജയ കുമാറും സ്വതന്ത്ര എം എല്‍ എ അഞ്ജു ദേവി ധാങ്കയുമാണ് ഇത്. ബി ജെ പി. എം എല്‍ എ അശോക് പര്‍ണാമിക്കാണ് സ്വത്തില്‍ കുതിച്ചു ചാട്ടമുണ്ടായത്. അദ്ദേഹത്തിന്റെ സ്വത്ത് 627 ശതമാനമാണ് വര്‍ധിച്ചത്.

---- facebook comment plugin here -----

Latest