രാജ്യത്തെ ഞെട്ടിച്ച ക്രൂരതക്ക് ഇന്ന് ഒരു വയസ്സ്

Posted on: December 16, 2013 8:26 am | Last updated: December 16, 2013 at 11:55 pm

delhi rape protest

ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ഓടുന്ന ബസില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായി മരണപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് രാത്രിയായിരുന്നു 23 വയസ്സുള്ള ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി പീഡനത്തിനിരയായത്. പെണ്‍കുട്ടി 12 ദിവസത്തിനുശേഷം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കേസില്‍ പിടിക്കപ്പെട്ട ആറു പേരില്‍ നാലു പേര്‍-അക്ഷയ് ഠാക്കൂര്‍, മുകേഷ്, പവന്‍ ഗുപ്ത,വിനയ് ശര്‍മ- ഒമ്പത് മാസത്തെ വിചാരണക്ക് ശേഷം സെപ്തംബറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു. ഒരാളെ മൂന്നു വര്‍ഷത്തേക്ക് ജുവനൈല്‍ കോടതിയിലേക്കയച്ചു. റാം സിംഗ് എന്നയാളെ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങളാണ് നടന്നത്. രാജ്യത്തെ സ്്ത്രീകളുടെ സുരക്ഷ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിനെതിരെയും ഡല്‍ഹി സര്‍ക്കാറിനെതിരെയും രൂക്ഷമായ വിമര്‍ശങ്ങളാണ് നാനാഭാഗത്തുനിന്നും ഉയര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്തെ ലൈംഗികാതിക്രമങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷകളില്‍ വരുത്തേണ്ട ഭേദഗതികളെപ്പറ്റി പഠിക്കാന്‍ ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചു. 29 ദിവത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ നിയമം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പര്യാപ്തമാണെന്നും എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ ഭരണകൂടം വരുത്തുന്ന വീഴ്ചയാണ് അതിക്രമങ്ങള്‍ പെരുകാന്‍ കാരണമെന്നും കമ്മീഷന്‍ വിലയിരുത്തി.