Connect with us

Editorial

ഡല്‍ഹിയിലെ കുരുക്ക്

Published

|

Last Updated

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഡല്‍ഹിയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. 32 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി, സര്‍ക്കാറുണ്ടാക്കാനില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. തുടര്‍ന്ന് 28 സീറ്റ് നേടി രണ്ടാം കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ക്ഷണിച്ചു. ഇതുവരെ “ആരെയും പിന്തുണക്കാനില്ല, ആരുടെയും പിന്തുണ വേണ്ട” എന്ന് തീര്‍ത്ത് പറഞ്ഞിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അല്‍പ്പം മയപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന നിലപാടാണ് ലഫ്. ഗവര്‍ണറെ അറിയിച്ചത്. തീരുമാനമെടുക്കാന്‍ പത്ത് ദിവസത്തെ സമയം വേണം, ജനങ്ങളോട് ചോദിക്കട്ടെ എന്നാണ് കെജ്‌രിവാള്‍ കൊടുത്ത മറുപടി. സര്‍ക്കാറുണ്ടാക്കാന്‍ എ എ പിക്ക് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എ എ പിയുടെ സീറ്റുകളോട് കോണ്‍ഗ്രസിന്റെ എട്ട് സീറ്റുകള്‍ ചേരുമ്പോള്‍ എഴുപതംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായി. സാധാരണഗതിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഇത് ധാരാളമാണ്. ബി ജെ പിയാണെങ്കില്‍ ക്രിയാത്മക പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ജനാധിപത്യത്തിലെ അത്യപൂര്‍വമായ സംഗതിയാണ് ഇത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം വാരിയെറിഞ്ഞും കണ്ണായ മന്ത്രിസ്ഥാനങ്ങള്‍ വെച്ചു #േ#േനീട്ടിയുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗ സംഖ്യ തികക്കാറുള്ളത്. എന്നാല്‍ ഇവിടെ മുഖ്യധാരാ പാര്‍ട്ടികള്‍ ഒരു നിബന്ധനയും വെക്കാതെ ആം ആദ്മിയെ സര്‍ക്കാറുണ്ടാക്കാന്‍ വിടുകയാണ്. ഈ ഔദാര്യത്തില്‍ ഒളിയജന്‍ഡകള്‍ പലതുണ്ടെങ്കിലും ഇതൊരു പുതുമ തന്നെയാണ്.
ഈ നിരുപാധിക പിന്തുണക്കകത്തെ ഉപാധികളെക്കുറിച്ച് ആം ആദ്മി പാര്‍ട്ടിക്ക് തികഞ്ഞ ബോധ്യമുണ്ടെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. പിന്തുണയുടെ രാഷ്ട്രീയം തിരിച്ചറിയാതെ സര്‍ക്കാറുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ ഇതുവരെ ആര്‍ജിച്ച മുഴുവവന്‍ ജനസ്വാധീനവും ഒറ്റ ദിനം കൊണ്ട് അപ്രത്യക്ഷമാകുമെന്ന് അവര്‍ക്കറിയാം. അതേസമയം, നിരുപാധിക പിന്തുണ മുന്നോട്ട് വെക്കുക വഴി കോണ്‍ഗ്രസും ക്രിയാത്മക പിന്തുണ വഴി ബി ജെ പിയും തങ്ങള്‍ക്ക് മേല്‍ വലിയൊരു ഉത്തരവാദിത്വം അടിച്ചേല്‍പ്പക്കുന്നുവെന്നും കെജ്‌രിവാള്‍ മനസ്സിലാക്കുന്നുണ്ട്. സര്‍ക്കാറുണ്ടാക്കി ഡല്‍ഹിയെ രാഷ്ട്രപതി ഭരണത്തില്‍ നിന്നും പുതിയ തിരഞ്ഞെടുപ്പില്‍ നിന്നും രക്ഷിക്കാനുള്ള ബാധ്യത എ എ പിയുടെ ചുമലില്‍ കെട്ടിവെക്കുകയെന്ന തന്ത്രമാണ് രാഷ്ട്രീയ കളരിയിലെ ആശാന്‍മാര്‍ ഈ ഇളമുറക്കാര്‍ക്ക് മുന്നില്‍ പയറ്റിയത്.
പക്ഷേ, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആം ആദ്മിക്ക് സാധിച്ചിരിക്കുന്നു. പിന്തുണ സ്വീകരിക്കാന്‍ 18 നിബന്ധനകള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് അവര്‍. ഈ നിബന്ധനകള്‍ വിശദീകരിക്കുന്ന കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനും അയച്ചുകൊടുത്തിരിക്കുന്നു. വി ഐ പി സംസ്‌കാരം ഡല്‍ഹിയില്‍ ഉപേക്ഷിക്കുക. എം എല്‍ എ, മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാറുകളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുത്. വലിയ ബംഗ്ലാവുകളില്‍ താമസിക്കുകയോ പ്രത്യേക സുരക്ഷ സ്വീകരിക്കുകയോ ചെയ്യരുത്. അന്നാ ഹസാരെ ആവശ്യപ്പെട്ടിരിക്കുന്ന അതേ രൂപത്തില്‍ ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കണം. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കണം. വൈദ്യുതി കമ്പനികളെ ഓഡിറ്റിംഗിന് വിധേയമാക്കണം. എല്ലാ വ്യക്തികള്‍ക്കും പ്രതിദിനം 220 ലിറ്റര്‍ ജലം ലഭ്യമാക്കണം. ഡല്‍ഹിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഇറക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണം. ഇങ്ങനെ പോകുന്നു കെജ്‌രിവാള്‍ വെച്ച നിബന്ധനകള്‍.
തീര്‍ത്തും ജനപക്ഷത്ത് നില്‍ക്കുന്ന നിര്‍ദേശങ്ങളാണ് ഇവ. തിരഞ്ഞെടുപ്പിന് മുമ്പ് എ എ പി വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ച എല്ലാ വാഗ്ദാനങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമെന്ന് ശഠിച്ച എ എ പി അതില്‍ നിന്ന് പിന്നോട്ട് പോയി അധികാര സോപാനത്തിലേക്ക് കുതിക്കുന്നതിന് ന്യായീകരണമായി ഉയര്‍ത്തിക്കാണിക്കാന്‍ മാത്രം കനമുള്ളത് തന്നെയാണ് ഈ ഉപാധികള്‍. പക്ഷേ, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ ബാലികേറാ മലയാണ് ഇവ. രാജ്യസഭയില്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലോക്പാല്‍ ബില്‍ ചുരുട്ടിയെറിഞ്ഞ് ഹസാരെ സംഘം തയ്യാറാക്കിയത് കൈക്കൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി പോലുള്ള നിര്‍ദേശങ്ങളും തിടുക്കത്തില്‍ നടപ്പാക്കാനാകുന്നതല്ല. ചുരുക്കത്തില്‍ അക്കരേക്ക് കടക്കാനിട്ട പാലമല്ല ഇത്. എ എ പി ജനാധിപത്യത്തെ അപഹസിക്കുന്നുവെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് മേധാവി ഹാറൂണ്‍ യൂസുഫ് തുറന്നടിച്ചത് ഈ അര്‍ഥത്തിലാണ്. സര്‍ക്കാറുണ്ടാക്കാന്‍ കെജ്‌രിവാള്‍ ഉദ്ദേശിക്കുന്നില്ലെന്ന് തന്നെയാണ് ഈ നിബന്ധനകളുടെ ആന്തരാര്‍ഥം. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങളെയും യാഥാര്‍ഥ്യങ്ങളെയും മറികടക്കാന്‍ കൗശലപൂര്‍വം പെരുമാറുന്നുവെന്ന പഴിയും ഈ നവതരംഗ രാഷ്ട്രീയത്തിന് മേല്‍ പതിയും.
രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ഡല്‍ഹിയെ രക്ഷിച്ചേ തീരൂ. കോടിക്കണക്കിന് രൂപയും ആയിരക്കണക്കായ മനുഷ്യരുടെ ഊര്‍ജവും ദുര്‍വ്യയം ചെയ്ത് മറ്റൊരു തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാനുള്ള വിട്ടുവീഴ്ചകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ വളരണം. പുതിയ തിരഞ്ഞെടുപ്പ് വന്നാല്‍ ജയിച്ചുകയറാമെന്ന ബി ജെ പിയുടെ ലാക്കിനും അത് തടയാനുള്ള കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണക്കും അപ്പുറത്തെ രാഷ്ട്രീയ മര്യാദയും ആത്മാര്‍ഥതയുമാണ് എല്ലാ കക്ഷികളില്‍ നിന്നും ഡല്‍ഹി തേടുന്നത്.

Latest