Connect with us

Gulf

കോണ്‍ഗ്രസ് നേതാക്കള്‍ ആരാകണമെന്ന് മുസ്‌ലിം ലീഗ് തീരുമാനിക്കണ്ട: വി ഡി സതീശന്‍

Published

|

Last Updated

മസ്‌കത്ത്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് മുസ്‌ലിം ലീഗല്ലെന്ന് എ ഐ സി സി സെക്രട്ടറി വി ഡി സതീശന്‍ എം എല്‍ എ. ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സമ്മേളനമാണ് രാഹുല്‍ഗാന്ധി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് തീരുമാനിച്ചത്. പാര്‍ട്ടിയുടെ നേതാവിനെ തീരുമാനിക്കാന്‍ പാര്‍ട്ടിക്കറിയാം. ജയിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മികവ് കാണാത്തവര്‍ തോല്‍ക്കുമ്പോള്‍ അതിന്റെ പോരായ്മ ചുമത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നത് കൗതുകകരമാണ്. സ്വകാര്യ സന്ദര്‍ശനത്തിനായി മസ്‌കത്തിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രമാദമായ കേസുകളില്‍ സി പി എമ്മുമായി ഒത്തു തീര്‍പ്പുണ്ടാക്കുന്നു എന്ന ആരോപണം ഗുരുതരമാണ്. ഇത് കെ പി സി സി ഗൗരവമായ ചര്‍ച്ചക്കു വിധേയമാക്കണം. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന വിമര്‍ശനവും പരിശോധിക്കണം. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ഗ്രൂപ്പ് പോരുണ്ടായിട്ടുണ്ട്. അതിന്റെ തോത് പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തേത് കുറവാണ്. പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകണമെന്നു തന്നെയാണ് എ ഐ സി സിയുടെ താത്പര്യം. ആഭ്യന്തര മന്ത്രിയെ മാറ്റണമെന്ന് പാര്‍ട്ടിക്കാര്‍ പുറത്തു പറയുന്നത് ശരിയല്ല. അത്തരം അഭിപ്രായങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളിലാണ് പറയേണ്ടത്. ആഭ്യന്തര മന്ത്രിയെ മാറ്റണോ വേണ്ടേ എന്നു തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. മന്ത്രിസഭാ പുനസംഘടന ഇപ്പോള്‍ പാര്‍ട്ടിയുടെ അജന്‍ഡയിലില്ല. ഈ മന്ത്രിസഭയിലേക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പാര്‍ട്ടി ആത്മവിമര്‍ശനം നടത്തി പരിശോധിക്കും. എന്നാല്‍ കോണ്‍ഗ്രസിനു രണ്ടു സ്റ്റേറ്റുകള്‍ നഷ്ടപ്പെട്ടു എന്നു കുറ്റപ്പെടുത്തുന്നവര്‍ നേരത്തെ മൂന്നു സംസ്ഥാനങ്ങള്‍ ബി ജെ പിയില്‍നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തത് മറച്ചു വെക്കുകയാണ്. ഡല്‍ഹിയുള്‍പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിരുന്നുവെന്ന വാദത്തിലും ശരിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സാമുദായിക, പ്രാദേശിക സന്തുലിതാവസ്ഥക്കു പകരം വിജയസാധ്യതയും നേതൃ മികവും പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടത്. മെറിറ്റിനൊപ്പം ജാതിമത സന്തുലിതാവസ്ഥയും പരിഗണിക്കപ്പെടണം. യോഗ്യതയുള്ളവരുണ്ടെങ്കില്‍ സിറ്റിംഗ് എം പിമാരെ പരിഗണിക്കുന്നതിലും തെറ്റില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന താത്പര്യമില്ല. യു ഡി എഫ് സര്‍ക്കാറിന് കേവല ഭൂരിപക്ഷം മാത്രമുള്ള സാഹചര്യത്തില്‍ എം എല്‍ എമാര്‍ മത്സരിക്കാനുള്ള സാധ്യത കുറവാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിക്കുന്ന നിലപാട് സി പി എമ്മിനു നഷ്ടമുണ്ടാക്കും. അവരുടെ പുരോഗമന നിലപാടുകള്‍ക്കെതിരാണിത്. ബിഷപ്പുമാരും സമുദായ നേതാക്കളും പറയുന്നതിനു വിരുദ്ധമായി ശക്തമായ തീരുമാനങ്ങളെടുക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഒ ഐ സി സി ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസനും സംബന്ധിച്ചു.

ജയില്‍ സംഭവം: മനപൂര്‍വം നിര്‍മിച്ച വാര്‍ത്ത
മസ്‌കത്ത്: തന്റെ ദേഹത്ത് ചെളി തെറിപ്പിക്കുന്നതിനായി മനപൂര്‍വം നിര്‍മിച്ച വാര്‍ത്തയാണ് ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വന്നതെന്ന് വി ഡി സതീശന്‍ എം എല്‍ എ. ജയില്‍ സന്ദര്‍ശന സമയത്ത് അവിടെ സഹാമഭ്യര്‍ഥിച്ചെത്തിയ വികലാംഗയായ അസൂറബിവി എന്ന സ്ത്രീയെ അവഗണിച്ചുവെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ ചാനലിന്റെ താത്പര്യമെന്തായിരുന്നുവെന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം അന്വേഷണം നടത്തും. തികച്ചും ദുരുപദിഷ്ടവും അടിസ്ഥാന രഹിതവുമായ വാര്‍ത്തയാണ് വന്നത്. ആദ്യം വാര്‍ത്ത നല്‍കിയ ചാനലിന്റെതൊഴികെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് ചോദിച്ചാല്‍ വിവരം അറിയാം. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത് എന്ന് ജയില്‍ ഡി ജി പി സെന്‍കുമാര്‍ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറയുന്നില്ല. ജയില്‍ സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചതാണ്. അതില്‍ ദുരൂഹതയില്ല. തടവുകാര്‍ക്ക് സഹായകമായ ചില സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ആഭ്യന്തര വകുപ്പിനോ മന്ത്രിക്കോ ഉത്തരവാദിത്തമുണ്ടോ എന്നതു സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ജയിലില്‍ സാങ്കേതിക സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അഭാവം വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് സര്‍ക്കാറിന് റിപ്പോര്‍ട്ടു ചെയ്യും. ജനക്കൂട്ടം എന്തു പറയുന്നുവെന്നു നോക്കി നിലപാടെടുക്കാന്‍ കഴിയില്ല. എന്തു സംഭവിച്ചുവെന്ന് തന്നോട് ആരായുക പോലും ചെയ്യാതെ സ്വാഭാവിക നീതി നിഷേധിച്ചാണ് വാര്‍ത്ത നല്‍കിയത്. കൂടെ നാലു എം എല്‍ എമാര്‍ കൂടിയുണ്ടായിട്ടും തന്റെ പേരു മാത്രം വലിച്ചിഴക്കപ്പെട്ടത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.