Connect with us

Kozhikode

ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം

Published

|

Last Updated

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബസ് ഉടമകള്‍ നടത്തിയ സൂചനാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍, പാലക്കാട്, മഞ്ചേരി, ഗുരുവായൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസുകളില്‍ ഒരു വിഭാഗം സര്‍വീസ് നടത്തി. എന്നാല്‍ സിറ്റി ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ജില്ലയുടെ മലയോര മേഖലകളായ വടകര, കുറ്റിയാടി, പേരാമ്പ്ര, താമരശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകളും സര്‍വീസ് നടത്തിയില്ല.
കെ എസ് ആര്‍ ടി സി ബസുകള്‍ ഷെഡ്യൂളുകള്‍ മുടങ്ങാതെ സര്‍വീസ് നടത്തി. കെ എസ് ആര്‍ ടി സിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദീര്‍ഘദൂര സര്‍വീസുകളിലും ഹ്രസ്വദൂര സര്‍വീസുകളിലും തിരക്ക് അനുഭവപ്പെട്ടു. ട്രെയിനുകളിലും നല്ല തിരക്കായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ രാവിലെയും വൈകീട്ടും മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്. സമാന്തര സര്‍വീസുകളും സജീവമായിരുന്നു.
സിറ്റി ബസുകള്‍ ഓടാത്തത് നഗരത്തിലെ ജനങ്ങളെയാണ് കാര്യമായി ബാധിച്ചത്. സ്വകാര്യ ബസുകളെ കാര്യമായി ആശ്രയിക്കുന്ന വിദ്യാര്‍ഥികളെയാണ് സമരം ഏറെ വലച്ചത്. ഗ്രാമപ്രദേശങ്ങളില്‍ പല ബസുകളും പതിവുപോലെ സര്‍വീസ് നടത്തി. കെ എസ് ആര്‍ ടി സി കൂടുതലുള്ള മലയോര മേഖലകളില്‍ സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. തിരുവമ്പാടി, താമരശ്ശേരി, കുറ്റിയാടി, തൊട്ടില്‍പ്പാലം, വടകര തുടങ്ങിയ ഭാഗങ്ങളില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ സഹായകരമായി. ചില കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് ഇല്ലാത്ത ഭാഗങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
ജില്ലയില്‍ 2300 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെ സൂചനാ പണിമുടക്ക് നടന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ബസ് ഓണേഴ്‌സ് ആന്‍ഡ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ, ബസ് ഓണേഴ്‌സ് യൂത്ത് ഓര്‍ഗനൈസേഷന്‍, ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളാണ് സമരത്തില്‍ നിന്ന് വിട്ടുനിന്നത്.