Connect with us

Kerala

സംസ്ഥാനത്ത് ബസ് പണിമുടക്ക് ഭാഗികം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ നടത്തിയ സൂചനാ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസുകളെ കൂടുതല്‍ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെ സമരം ചെറിയ രീതിയില്‍ ബാധിച്ചപ്പോള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. അവധി ദിനമായിരുന്നതിനാല്‍ സ്‌കൂളുകളെയും സര്‍ക്കാര്‍ ഓഫീസുകളെയും സമരം ബാധിച്ചില്ല.
തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പണിമുടക്ക് ഉണ്ടായില്ല. നഗരത്തില്‍ സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തി. എന്നാല്‍ ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍ മേഖലകളില്‍ ഒരു വിഭാഗം ബസുടമകള്‍ പണിമുടക്കില്‍ പങ്കെടുത്തു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ സമരം ഭാഗികമായിരുന്നു. പാലക്കാട് എഴുപത് ശതമാനം ബസുകളും സര്‍വീസ് നടത്തി. വയനാട്ടില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ യാത്രക്കാര്‍ക്ക് തുണയായി. കാസര്‍കോടിനെ സമരം ബാധിച്ചു. ഗ്രാമങ്ങളില്‍ സമാന്തര സര്‍വീസുകളായിരുന്നു ആശ്രയം.
എന്നാല്‍, മധ്യകേരളത്തില്‍ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല. കൊച്ചിയില്‍ പകുതിയിലധികം ബസുകളും നിരത്തിലിറങ്ങി. തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലും ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തി. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന തെക്കന്‍ കേരളത്തിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍, ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ പങ്കെടുത്തില്ല. മിനിമം ചാര്‍ജ് എട്ട് രൂപയായും കിലോമീറ്ററിന് 65 പൈസയായും വര്‍ധിപ്പിക്കുക, ഡീസലിന്റെ വില്‍പ്പന നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരുപത് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് സംഘടനകളുടെ തീരുമാനം. എന്നാല്‍, ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിരക്ക് വര്‍ധന ആലോചിക്കാമെന്നുമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിലപാട്.