ലോക്പാല്‍: ഹസാരെ നിലപാട് മയപ്പെടുത്തി

Posted on: December 15, 2013 12:45 am | Last updated: December 15, 2013 at 12:45 am

14-12-2013-D-gh4-Oറാലെഗണ്‍സിദ്ധി: ലോക്പാല്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി അന്നാ ഹസാരെ. രാജ്യസഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും ഭേദഗതികളിലൂടെ ഭാവിയില്‍ പുരോഗതിയുണ്ടാക്കിയാല്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ലോക്പാല്‍ ബില്ലിന്റെ നിലവിലെ കരട് പാസ്സാക്കണം. ലോക്പാലിന് ഭരണഘടനാ സാധുത ലഭിച്ചതിനു ശേഷം ഭേദഗതികള്‍ വരുത്തിയാല്‍ മതിയെന്ന് ഹസാരെ പറഞ്ഞു. നിരാഹാര സമര വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജന്മഗ്രാമമായ മഹാരാഷ്ട്രയിലെ റാലെഗണ്‍സിദ്ധിയില്‍ നടത്തുന്ന നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു. ലോക്പാല്‍ വിഷയത്തില്‍ അന്നാ സംഘം നിലപാട് മയപ്പെടത്തുകയാണെന്ന സൂചന മുന്‍കരസേനാ മേധാവി വി കെ സിംഗ് നല്‍കിയിരുന്നു. ‘നഗ്നനായ ഒരാള്‍ക്ക് നാണം മറക്കാന്‍ അടിവസ്ത്രങ്ങള്‍ മതിയാകും. അതിന് മൂന്ന് കഷ്ണം ശീല മതി.’ ഇങ്ങനെയായിരുന്നു വി കെ സിംഗിന്റെ പരാമര്‍ശം.
ഹസാരെയുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 2500ഓളം സംഘടനാ പ്രതിനിധികള്‍ റാലെഗണ്‍സിദ്ധിയിലെത്തി. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയും എത്തിയിട്ടുണ്ട്. അതേസമയം, നിരാഹാര സമരം 76കാരനായ ഹസാരെയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാരം 3.68 കിലോഗ്രാം കുറഞ്ഞു. രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലാണ്.
ലോക്പാല്‍ ബില്ലിന്റെ ഭേദഗതി ചെയ്ത കരട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും സമാജ്‌വാദി പാര്‍ട്ടിയടക്കമുള്ള പാര്‍ട്ടിയംഗങ്ങളുടെ ബഹളം കാരണം ചര്‍ച്ചക്കെടുക്കാന്‍ സാധിച്ചില്ല. രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെ 16 ശിപാര്‍ശകളില്‍ 14 എണ്ണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാണ് ഭേദഗതി ബില്‍ തയ്യാറാക്കിയത്.