Connect with us

International

യു എസ് ചാരനെ വിട്ടയക്കണമെന്ന് ഇറാനോട് യു എന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ചാരവൃത്തിക്കേസില്‍ ഇറാന്‍ ജയിലിലടച്ച യു എസ് പൗരനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭ. ഇയാളുടെ വിചാരണ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമല്ലെന്ന് ആരോപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത്. 2011 ആഗസ്റ്റിലാണ് അമീര്‍ ഹക്മതി എന്ന യു എസ് പൗരന്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ ആറ് മാസത്തിന് ശേഷവും ഇയാള്‍ക്കെതിരെ ഇറാന്‍ കേസെടുത്തില്ലെന്ന് യു എന്‍ പറയുന്നു. ഹക്മതിക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും യു എന്‍ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കി.
2012 ജനുവരിയിലാണ് ചാരക്കേസില്‍ ഇറാന്‍ കോടതി ഇയാളെ ശിക്ഷിച്ചത്. യു എസിന് വേണ്ടി ചാരപ്പണി നടത്തിയതിനാല്‍ വധശിക്ഷക്കാണ് കോടതി വിധിച്ചത്. യു എസില്‍ ജനിച്ച ഹിക്മതി കുടുംബത്തോടൊപ്പം ഇറാനിലേക്ക് വരികയായിരുന്നു. യു എസ് മറൈനിലും പ്രവര്‍ത്തിച്ചു.
തന്റെ സഹോദരനെ ഇറാന്‍ വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹിക്മതിന്റെ സഹോദരി സാറ പറഞ്ഞു. യു എന്‍ ഇടപെടല്‍ പ്രതീക്ഷയുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഹിക്മതിയുടെ പിതാവ് മസ്തിഷ്‌ക അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
ഹിക്മതി ഉള്‍പ്പെടെ രണ്ട് യു എസ് പൗരന്മാരെ വിട്ടയക്കണമെന്ന് ബരാക് ഒബാമ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ് റൂഹാനിയെ അറിയിച്ചിരുന്നു.