Connect with us

Editorial

ഉദ്യോഗസ്ഥരെ കര്‍മനിരതരാക്കണം

Published

|

Last Updated

രാഷ്ട്രീയ നേതൃത്വവും നിയമനിര്‍മാണ സഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും എത്രത്തോളം പ്രവര്‍ത്തനക്ഷമമാകുമോ അതിലാണ് ജനാധിപത്യത്തിന്റെ കരുത്ത്. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പ്രവര്‍ത്തനം വികലമാകുകയോ താളം തെറ്റുകയോ ചെയ്യുമ്പോള്‍ അത് ഭരണകൂടത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്നു. കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണവും അതാണ്. ഉദ്യോഗസ്ഥര്‍, അതായത് എക്‌സിക്യൂട്ടീവ് ശരിയായി പ്രവര്‍ത്തിക്കാത്തതാണ് ജനസമ്പര്‍ക്ക പരിപാടിയുമായി മുഖ്യമന്ത്രിക്ക് ഇറങ്ങേണ്ടിവന്ന സാഹചര്യം ഉണ്ടാക്കിയതെന്നായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും ജസ്റ്റിസ് ബാബു മാത്യു പി ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ജോലിയെടുക്കണം. ജോലി ചെയ്യാത്തവരുടെ ശമ്പളം തടഞ്ഞുവെക്കേണ്ടതാണെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ പരസ്യമായ ഈ പരാമര്‍ശം ഉണ്ടാകുന്നതിന് മുമ്പുതന്നെ ഉദ്യോഗസ്ഥരുടെ പ്രാപ്തിക്കുറവ്, കെടുകാര്യസ്ഥത, ക്രമരഹിത നടപടികള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം പൊതുജനങ്ങള്‍ക്ക് സമാനമായ അഭിപ്രായമുണ്ട്. സര്‍ക്കാറില്‍ നിന്നും സാധാരണ ഗതിയില്‍ ലഭിക്കേണ്ട സേവനങ്ങള്‍ പോലും കൈമടക്കില്ലാതെ ജീവനക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന പരാതി സാര്‍വത്രികമാണ്. അതുകൊണ്ട,് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അഴിമതിക്കാരാണെന്നും പിടിപ്പുകെട്ടവരാണെന്നും ഞങ്ങള്‍ക്ക് അഭിപ്രായമില്ല. പക്ഷേ, അവരുടെ ചെയ്തികള്‍ വരുത്തിവെക്കുന്ന അവമതിപ്പ് ഭരണകൂടത്തിനാകെയാണ്. ഭരണതലത്തിലുള്ളവരെ തിരുത്താതെ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത് ഇതുകൊണ്ടാണ്. ജനസമ്പര്‍ക്ക പരിപാടിയുമായി മുഖ്യമന്ത്രിക്ക് ഇറങ്ങേണ്ടിവന്ന സാഹചര്യമുണ്ടായ സ്ഥിതിയില്‍ ഹൈക്കോടതിയുടെ ഈ നിഗമനം സുപ്രധാനമാണ്. ഭരണതലത്തിലുള്ളവരെ സക്രിയരാക്കാനും അവരുടെ കര്‍മശേഷി നേരായ പാതയിലേക്ക് തിരിച്ചുവിടാനും അഴിമതി അവസാനിപ്പിക്കാനും സര്‍ക്കാറിന് കഴിയണം. അതില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ട്. അതിന് ഭരണകൂടത്തിന്റെ, സര്‍ക്കാറിന്റെ പ്രതിച്ഛായ തേജോമയമാകണം. ജനങ്ങള്‍ നിതാന്ത ജാഗ്രത പാലിക്കുകയും വേണം.
വ്യാജ വിദേശ കമ്പനിക്ക് ഇന്ത്യയില്‍ എണ്ണപര്യവേക്ഷണം നടത്താന്‍ അനുമതി നേടിയെടുക്കാന്‍ ശിപാര്‍ശക്കത്തെഴുതാന്‍ ഏതാനും എം പിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് ഇത്തരുണത്തില്‍ കൂട്ടിവായിക്കേണ്ടതാണ്. “കോബ്രപോസ്റ്റ് കോം” നടത്തിയ ഒളിക്യാമറാ ദൗത്യത്തില്‍ 11 എം പിമാരാണ് കുടുങ്ങിയത്. കോണ്‍ഗ്രസ്, ബി ജെ പി എന്നീ മുഖ്യധാരാ പാര്‍ട്ടികളില്‍ പെട്ടവര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട എം പിമാരുടെ കഥ നേരത്തെ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. ഇതിനെയെല്ലാം വെല്ലുന്ന അഴിമതിക്കഥയാണ്, ലോക്‌സഭയില്‍ കോടികളുടെ കറന്‍സി നോട്ടുകള്‍ ഹാജരാക്കപ്പെട്ട സംഭവം. സഭയില്‍ കേന്ദ്ര സര്‍ക്കാറിന് വിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ തത്പരകക്ഷികള്‍ എം പിമാരെ വിലക്കെടുത്ത സംഭവം ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനാധിപത്യവ്യവസ്ഥക്കും തീരാക്കളങ്കം ചാര്‍ത്തിയതാണ്. ഈ സംഭവത്തിന്റെ പിന്നാമ്പുറകഥകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണസംഘത്തിന് കഴിയാതെ പോയി. ഈ സംഭവത്തില്‍ പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സംശയത്തിന്റെ ചൂണ്ടുവിരല്‍ നീണ്ടിരുന്നുവെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികളെ കണ്ടെത്താനായില്ല. ബേങ്കിന്റെ മുദ്രയുള്ള റാപ്പറുകള്‍ ഉണ്ടായിരുന്നിട്ടും കറന്‍സി നോട്ടുകളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല.
11 എം പിമാര്‍ കൈക്കൂലി വാങ്ങുന്ന രംഗങ്ങള്‍ പുറത്തുവിട്ട കോബ്രാപോസ്റ്റ് കോമിന്റെ ഒളിക്യാമറാ പ്രയോഗവും അന്വേഷണത്തിനൊടുവില്‍ തുമ്പില്ലാതാകാനാണ് സാധ്യത. “വോട്ടിന് നോട്ട്” എന്ന കൈക്കൂലി ഇടപാടിന് തുമ്പില്ലാതായത് അങ്ങനെ ചിന്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ മേലാളന്മാരും ഉദ്യോഗസ്ഥവൃന്ദവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം. കേന്ദ്ര സര്‍ക്കാര്‍ പോലും ചിലപ്പോഴെങ്കിലും ഇതിന് കൂട്ട് നില്‍ക്കുന്നതായി ആരോപണമുണ്ട്. രാഷ്ട്രീയത്തിലെ ധാര്‍മിക മൂല്യച്യുതിയുടെ ലക്ഷണങ്ങളാണ് ഇവിടെ പ്രകടമാകുന്നത്. പ്രസംഗവും പ്രവൃത്തിയും തമ്മില്‍ പുലബന്ധം പോലും പുലര്‍ത്താത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തിന് അപമാനമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൂടിയാകുമ്പോള്‍ ജനാധിപത്യാവകാശങ്ങള്‍ കാറ്റില്‍ പറത്തപ്പെടുമെന്ന് തീര്‍ച്ചയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് പൊതു ജനങ്ങളില്‍നിന്ന് ലഭിക്കുന്ന ആവേശകരമായ പിന്തുണ എല്ലാവരും കണ്ണുതുറന്ന് കാണണം. പക്ഷേ, ഇതൊരു സ്ഥിരം സംവിധാനമാക്കുക പ്രായോഗികമല്ല. അതിന് പകരം ഉദ്യോഗസ്ഥരെ കര്‍മനിരതരാക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്.

Latest