ബംഗ്ലദേശത്തോട് സഹതപിക്കാം

Posted on: December 15, 2013 12:06 am | Last updated: December 14, 2013 at 11:37 pm

mullahഈ വര്‍ഷത്തിന്റെ തുടക്കത്തിലേ ബംഗ്ലാദേശ് പ്രക്ഷോഭഭരിതമായിരുന്നു. വര്‍ഷാന്ത്യമാകുമ്പോഴും അത് അങ്ങനെത്തന്നെയാണ്. പക്ഷേ, രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന അക്രമാസക്തവും വിഘടനപരവുമായ നിലയിലേക്ക് ഇപ്പോള്‍ തെരുവിലെ ഏറ്റുമുട്ടലുകള്‍ അധഃപതിച്ചിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സ്വന്തം നിലപാടുകളില്‍ ഒട്ടും വഴക്കമില്ലാതെ നിലകൊള്ളുകയാണ്. ഖാലിദാ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുറച്ച് മുന്നോട്ടു പോകുന്നു. ആരെന്ത് പറഞ്ഞാലും ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തിയേ തീരൂ എന്ന വാശിയില്‍ ശേഖ് ഹസീനയുടെ ഭരണകൂടവും. പ്രതിപക്ഷത്തെക്കൂടി ചേര്‍ത്ത് ദേശീയ ഐക്യ സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് അവര്‍ പറഞ്ഞു നോക്കി. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാര്‍ അപ്പാടെ മാറ്റി പുതിയ നിഷ്പക്ഷ സര്‍ക്കാറിന് കീഴിലായിരിക്കണം തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷം ശഠിക്കുന്നു. ജാതിയ പാര്‍ട്ടിയടക്കമുള്ളവര്‍ ബഹിഷ്‌കരണത്തിന്റെ പാതയിലേക്ക് വന്നിരിക്കുന്നു. ബന്ദൊഴിഞ്ഞ നേരമില്ല. ഓരോ ബന്ദിലും നൂറുകണക്കിന് മനുഷ്യര്‍ മരിച്ചുവീഴുന്നു. തെരുവുകളില്‍ തീ പടരുന്നു. വാസസ്ഥലങ്ങളും വ്യവസായ ശാലകളും ചാമ്പലാകുന്നു. സമ്പദ്‌വ്യവസ്ഥ നിശ്ചലമാണ്. പിറവിക്കും നടത്തിപ്പിനും ഒരുപോലെ ഉടയോരായ ഇന്ത്യ നിസ്സഹായത പ്രകടിപ്പിച്ചു കഴിഞ്ഞു. ഭീകരമായ ഭാവിയാണ് ഈ അയല്‍ക്കാരെ കാത്തിരിക്കുന്നത്.
ഈ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നത നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റിയിരിക്കുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുല്ല സമര്‍പ്പിച്ച റിവ്യൂ ഹരജി സുപ്രീം കോടതി തള്ളിയതോടെ വ്യാഴാഴ്ച രാത്രി തിരക്കിട്ട് ശിക്ഷ നടപ്പാക്കുകയായിരുന്നു. ഈ തിടുക്കം അടക്കമുള്ള നൈതിക, രാഷ്ട്രീയ വിമര്‍ശങ്ങള്‍ വരും ദിവസങ്ങളില്‍ ബംഗ്ലാദേശിലും അന്താരാഷ്ട്ര മണ്ഡലത്തിലും നിറയുമെന്നുറപ്പാണ്. ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ ജമാഅത്തിന്റെയും ആശയസഹോദര സംഘടനകളുടെയും പ്രവര്‍ത്തകരും നേതാക്കളും അക്രമോത്സുകമായ പ്രതികരണങ്ങളാണ് അഴിച്ചുവിടുന്നത്. മുല്ലയെ രക്തസാക്ഷിയായി അവര്‍ വാഴ്ത്തുന്നു. കാലം പകരം ചോദിക്കുമെന്ന് ആശ്വാസം കൊള്ളുന്നു. മതാധ്യാപനങ്ങളിലെ ഉന്നതങ്ങളായ മുഹൂര്‍ത്തങ്ങളും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് ആവേശം വിതക്കുന്നു. രക്തസാക്ഷിത്വം വ്യവഹരിച്ച് നേടിയെടുക്കേണ്ട ഒരു പദവിയല്ലെന്നത് അവര്‍ മറക്കുന്നു.
ഇത്തരം വ്യവഹാരങ്ങളെയും അതിവൈകാരിക പ്രതികരണങ്ങളേയും അതിന്റെ പാട്ടിന് വിടാവുന്നതേയുള്ളൂ. എന്നാല്‍, നിരവധി അട്ടിമറികളിലൂടെയും രാഷ്ട്രീയ അസ്ഥിരതകളിലൂടെയും കൂട്ടക്കുരുതിയിലൂടെയും കടന്നു വന്ന ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നിലയിലേക്ക് പ്രതിഷേധം പടരുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും? ബോംബെറിഞ്ഞും വെടിയുതിര്‍ത്തുമാണ് ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അരിശം തീര്‍ക്കുന്നത്. അവാമി ലീഗിന്റെ പ്രവര്‍ത്തകരെ വകവരുത്തുന്നു. ലീഗിനെ പിന്തുണക്കുന്നുവെന്നാരോപിച്ച് ന്യൂനപക്ഷങ്ങളെ കൊല്ലുന്നു. തോക്കെടുത്ത് തെരുവില്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നു. ഒരു ജഡ്ജിയെ കഴുത്തറുത്ത് കൊന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി പുതിയ സാഹചര്യത്തെ ഉപയോഗിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി. മുല്ലയുടെ വധശിക്ഷയുടെ പേരില്‍ മരിച്ചു വീഴുന്ന ഓരോ ബഗ്ലാദേശിയും അടയാളപ്പെടുത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഭീകരമുഖമാണ്. ‘ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എന്നെ പടച്ച റബ്ബ് കാത്ത് കൊള്ളു’മെന്ന് കുടുംബാംഗങ്ങളോട് അന്ത്യമൊഴി നല്‍കിയ ഖാദര്‍ മുല്ലയുടെ തെറ്റുകളുടെ തനിപ്പകര്‍പ്പായി അദ്ദേഹത്തിന്റെ അനുയായികള്‍ മാറുന്ന കാഴ്ചയാണ് ബംഗ്ലാ തെരുവില്‍ കാണുന്നത്. പാശ്ചാത്യ ലോകത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന തീവ്രമതേതരത്വത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് തെരുവില്‍ കാണുന്നതെന്നും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളോട് എതിരിടുക മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളൂവെന്നും അവകാശപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് സംയമനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മതപാഠങ്ങള്‍ അന്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.
പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെടണമെന്നും പൂര്‍വ പാക്കിസ്ഥാന്(കിഴക്കന്‍ ബംഗാള്‍) സ്വതന്ത്ര രാഷ്ട്ര പദവി വേണമെന്നും ആവശ്യപ്പെട്ട് 1971ല്‍ നടന്ന വിമോചന പോരാട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി പാക് പക്ഷത്തായിരുന്നു. ആശയപരമായ പിന്തുണ ആയിരുന്നില്ല അത്. സായുധമായ പക്ഷം ചേരല്‍. ഇന്ത്യയുടെ ഇടപെടല്‍ ഈ പക്ഷം ചേരലിന് ആശയ അടിത്തറ ഒരുക്കി. അന്ന് പൂര്‍വ പാക്കിസ്ഥാനില്‍ ( ഇന്നത്തെ ബംഗ്ലാദേശ്) പാക് സൈന്യം നടത്തിയ ക്രൂരമായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൂട്ട് നില്‍ക്കുകയും സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ഖാദര്‍ മുല്ല വധശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്. ബംഗ്ലാദേശ് ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗം പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളണമെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ നയം. ഭാഷാപരമായ സ്വത്വത്തിനപ്പുറം പാക്കിസ്ഥാനുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാണ് കാരണങ്ങള്‍ ഏറെയുള്ളതെന്ന് അവര്‍ പ്രചരിപ്പിച്ചു. ആയുധമെടുത്തും ആളെ കൊന്നും രാഷ്ട്രീയത്തിലിടപെടുകയെന്ന ‘പ്രായോഗിക’ രാഷ്ട്രീയമാണ് പാക് ജമാഅത്തെ ഇസ്‌ലാമിയുടെ ജനിതക സ്വഭാവം. എട്ട് മാസം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനിടെ 30 ലക്ഷം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്.
ഈ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ബംഗ്ലാദേശ് 1973ല്‍ തന്നെ ഇന്റര്‍നാഷനല്‍ വാര്‍ െ്രെകംസ് െ്രെടബ്യൂണല്‍ ആക്ട് പാസ്സാക്കി. സ്വാതന്ത്ര്യാനന്തരം നടന്ന രൂക്ഷമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. 1975ല്‍ ശൈഖ് മുജീബുര്‍റഹ്മാന്‍ വധിക്കപ്പെട്ടതോടെ ഭരണം സൈനിക മേധാവികളുടെ കൈകളിലെത്തി. സ്വയം റദ്ദാക്കി കാറ്റുള്ളപ്പോള്‍ തൂറ്റുകയെന്ന അടിസ്ഥാന സ്വഭാവം ജമാഅത്തെ ഇസ്‌ലാമി പുറത്തെടുക്കുന്നതാണ് പിന്നെ കണ്ടത്. കാല്‍പ്പനിക സ്വപ്‌നമെന്ന് മുദ്രകുത്തി ഒരിക്കല്‍ തള്ളിപ്പറഞ്ഞ ബംഗ്ലാദേശില്‍ നിയമപരമായ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ജമാഅത്തെ ഇസ്‌ലാമി മാറി. ബംഗ്ലാദേശ് നാഷനിലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യശക്തിയായി 2001 മുതല്‍ 2006 വരെ രാജ്യം ഭരിച്ചു.
ശേഖ് ഹസീനയുടെ നേതൃത്വത്തില്‍ 2008ല്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ 2010ലും 2012ലുമായി രണ്ട് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ രൂപവത്കരിച്ചു. തീര്‍ച്ചയായും അതില്‍ ഹസീനയുടെ പ്രതികാരവാഞ്ഛ ഉള്‍ച്ചേര്‍ന്നിരുന്നു. സ്വന്തം പിതാവിന്റെ രക്തത്തോട് കണക്ക് ചോദിക്കുന്ന തികച്ചും വ്യക്തിപരമായ ഒരുതലം ഈ തീരുമാനത്തിലുണ്ടായിരുന്നു. പക്ഷേ, ഈ തീരുമാനത്തിന് ഭൂരിപക്ഷം ജനതയുടെയും പിന്തുണ നേടിയെടുക്കാന്‍ ഹസീനക്ക് സാധിച്ചു. അന്താരാഷ്ട്ര സമൂഹവും അതില്‍ ഇടപെട്ടില്ല. 2010ല്‍ രൂപവത്കൃതമായ ട്രൈബ്യൂണല്‍ മുല്ലക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ജീവപര്യന്തം പോരെന്ന് അലറി പതിനായിരക്കണക്കിന് യുവാക്കള്‍ ശാബാഗ് ചത്വരത്തില്‍ തമ്പടിച്ചതും ആ അലര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ പരോക്ഷ പിന്തുണ നല്‍കിയതും സമീപകാല ചരിത്രം. തഹ്‌രീര്‍ ആയിരുന്നു അവരുടെയും മാതൃക. ‘ഇസ്‌ലാമിസ്റ്റു’കള്‍ ആഘോഷിക്കുന്ന ഈജിപ്തിലെ തഹ്‌രീര്‍ തന്നെ. ആവശ്യം ജമാഅത്ത് നിരോധവും മുല്ലയുടെ രക്തവും ആയതിനാല്‍ ആ യുവാക്കള്‍ അമിതാവേശക്കാരായി. ചരിത്രബോധമില്ലാത്തവരായി. മതവിരുദ്ധരും പാശ്ചാത്യ ചാരന്‍മാരുമായി. സത്യമാണ്. അവര്‍ക്ക് അനുഭവങ്ങളില്ല. വിമോചന സമരവും പട്ടാളഭരണവും അവര്‍ അനുഭവിച്ചിട്ടില്ല. എന്നിട്ടും അവര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്ന് ആക്രോശിക്കുന്നുവെങ്കില്‍, തീര്‍ത്തും രാഷ്ട്രീയവത്കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയെപ്പോലും അവര്‍ അപകടകരമായി കാണുന്നുവെങ്കില്‍ ആ സംഘടന വലിയ ആത്മപരിശോധനകള്‍ക്ക് തയ്യാറാകുകയാണ് വേണ്ടിയിരുന്നത്. പകരം പ്രക്ഷോഭകാരികളെ കായികമായി നേരിടുന്ന ഉന്‍മൂലന രാഷ്ട്രീയമാണ് ജമാഅത്തുകാര്‍ പുറത്തെടുത്തത്. പ്രതിപക്ഷത്തെയൊന്നാകെ അവര്‍ ഈ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു. മുല്ലയുടെ വിധി വിവിധ കോടതികളില്‍ കയറി ഇറങ്ങി വധശിക്ഷയായി ഉയര്‍ന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ പിന്നിടും മുമ്പ് ശിക്ഷ നടപ്പാക്കുകയും ചെയ്തു.
ജമാഅത്തുകാര്‍ ഇതിനോട് വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഖാദര്‍ മുല്ലയുടെ വധശിക്ഷ യുദ്ധക്കുറ്റ ട്രൈബ്യൂണലിന്റെത് അല്ലെന്നതാണ് ഒന്നാമത്തെ കാര്യം. ട്രൈബ്യൂണലില്‍ വേണമെങ്കില്‍ രാഷ്ട്രീയം ആരോപിക്കാം. പക്ഷേ, ട്രൈബ്യൂണലിന്റെ തീര്‍പ്പ് അതിന് മുകളില്‍ വിവിധ തലത്തിലുള്ള നീതിന്യായ സംവിധാനങ്ങള്‍ കൂലങ്കഷമായ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ ഘട്ടങ്ങളില്ലാം പ്രതിക്ക് അദ്ദേഹത്തിന്റെ ഭാഗം ന്യായീകരിക്കാനുള്ള അവസരം കൈവന്നിട്ടുമുണ്ട്. അങ്ങനെ വരുമ്പോള്‍ മുല്ലയെ രക്തസാക്ഷിയാക്കുന്ന ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശിന്റെ നീതിന്യായ, രാഷ്ട്രീയ വ്യവസ്ഥകളെ അപ്പടി നിരാകരിക്കുകയാണ് ചെയ്യുന്നത്.
അതിനും അവര്‍ക്ക് അവകാശമുണ്ട്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിയെ തന്നെ നിരാകരിച്ചവരാണല്ലോ അവര്‍. പക്ഷേ, അത്തരം നിരാസത്തെ താത്വികവത്കരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. അത് അവരെ ജനങ്ങളില്‍ നിന്ന് അകറ്റും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ തീവ്രവാദ പ്രവണതകളുടെയും ആശയ ഊര്‍ജം മൗദൂദിസമാണെന്ന ആരോപണത്തിന് ശക്തിപകരാനേ അത് ഉപകരിക്കുകയുള്ളൂ. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനിറങ്ങിയ ജമാഅത്തെ ഇസ്‌ലാമിയെ ജനം അംഗീകരിക്കാത്തതിന് കാരണമിതാണ്. ഇന്ത്യയില്‍ (കേരളത്തില്‍ പ്രത്യേകിച്ച്) മതരാഷ്ട്ര സംസ്ഥാപനമെന്ന അടിസ്ഥാന ലക്ഷ്യത്തെ മതസംസ്ഥാപനമെന്ന് വേഷപ്രച്ഛന്നമാക്കിയിട്ടും മതചിഹ്നങ്ങളെ പൂര്‍ണമായി ഉപേക്ഷിച്ച് മുഖ്യധാരയില്‍ ‘ലയിച്ചിട്ടും’ ജനം സംശയിക്കുന്നത് ഈ താത്വിക നിഗൂഢത കൊണ്ടാണ്. ഈജിപ്തില്‍ മുഹമ്മദ് മുര്‍സിക്ക് നിലനില്‍ക്കാന്‍ സാധിക്കാതിരുന്നത് ‘ഇസ്‌ലാമിസ്റ്റു’കളുടെ അധികാര കേന്ദ്രീകരണ അജന്‍ഡ കൊണ്ടായിരുന്നുവല്ലോ. അവിടെ അക്രമാസക്ത പ്രക്ഷോഭമല്ല പരിഹാരമെന്ന് ബുദ്ധിയുള്ളവരൊക്കെ ബ്രദര്‍ഹുഡിനെ ഉപദേശിച്ചതാണ്. ചെവികൊണ്ടില്ല. ഇപ്പോള്‍ അവര്‍ അനുരഞ്ജനത്തിന് നടക്കുകയാണ്. ടുണീഷ്യയിലും അത് തന്നെയാണ് സ്ഥിതി. ഇസ്‌ലാമിസ്റ്റ് ചാര്‍ച്ചക്കാര്‍ പാരമ്പര്യ വിശ്വാസികളോട് ചെയ്ത് കൂട്ടുന്നത് ലോകം കാണുന്നുണ്ട്.
1971ല്‍ പാക് പക്ഷം ചേര്‍ന്നത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയല്ലെന്ന ദുര്‍ബലമായ വാദമുയര്‍ത്തി നിരോധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട് ബംഗ്ലാദേശിലെ ഇസ്‌ലാമിസ്റ്റുകള്‍. ‘അന്ന് പാക് ജമാഅത്തെ ഇസ്‌ലാമിയേ ഉള്ളൂ. ആ സംഘടനയുടെ സ്വാഭാവികമായ നിലപാടായിരിക്കുമല്ലോ വിഭജനവിരുദ്ധത. ഇന്ത്യാ വിഭജനത്തെയും സംഘടന എതിര്‍ത്തിരുന്നുവല്ലോ. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി രൂപവത്കൃതമാകുന്നത് 1973 ലാണ്. അതിന് ശേഷം ബംഗ്ലാദേശിന്റെ രാഷ്ട്രീയ സാമൂഹിക ഘടനയില്‍ ക്രിയാത്മകമായ സാന്നിധ്യമായിരുന്നു സംഘടന’- ഇങ്ങനെ പോകുന്നു ജമാഅത്തിന്റെ ന്യായങ്ങള്‍. സംഘടനയെ സംബന്ധിച്ച് ഇത് ശരിയായിരിക്കാം. പക്ഷേ വ്യക്തികള്‍. അവരുടെ ചെയ്തികള്‍ വിചാരണ ചെയ്യപ്പെടേണ്ടത് അനിവാര്യമാണല്ലോ.
ഹസീനയുടെ കീഴില്‍ ബംഗ്ലാദേശ് പാശ്ചാത്യ മതേരത്വത്തിന്റെയും മതനിരാസത്തിന്റെയും വഴിയിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് പ്രതിരോധിക്കാന്‍ ഇന്നത്തെ ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമല്ല. ആദ്യം അവര്‍ സ്വന്തം ചരിത്രത്തെ നിരാകരിക്കട്ടെ. എന്നുവെച്ചാല്‍ അബുല്‍ അഅ്‌ലാ മൗദൂദിയെ തള്ളിപ്പറയട്ടെ. രക്തപങ്കിലമായ ചരിത്രത്തിനും വര്‍ത്തമാനത്തിനും സംഘടന പിഴയൊടുക്കിയേ തീരൂ. അങ്ങനെ സമ്പൂര്‍ണമായ തിരുത്തലിന് വിധേയമായ ഒരു ജമാഅത്ത് രാഷ്ട്രീയം സാധ്യമാണോ എന്നതാണ് ചോദ്യം. മുല്ലയുടെ രക്തം ഉത്തരം നല്‍കട്ടെ.

[email protected]