Connect with us

Gulf

ഇന്ത്യന്‍ ജനത മൂന്നാം ബദലിന് ആഗ്രഹിക്കുന്നുവെന്ന് സച്ചിദാനന്ദന്‍

Published

|

Last Updated

ദുബൈ: ആം ആദ്മി പാര്‍ട്ടി പോലുള്ള മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അനിവാര്യമാണെന്ന് കവി കെ സച്ചിദാനന്ദന്‍. ദുബൈയില്‍ സിറാജിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പ്രദായിക രാഷ്ട്രീയ കക്ഷികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ഇത്തരം മുന്നേറ്റങ്ങള്‍ സംഭവിക്കണം. ഇല്ലെങ്കില്‍ ജനാധിപത്യം അര്‍ഥശൂന്യമാകും. 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം സാധ്യമാക്കിയത് ഇത്തരമൊരു മുന്നേറ്റമായിരുന്നു. ആം ആദ്മി പാര്‍ട്ടി ഭാവിയില്‍ എന്തായിത്തീരുമെന്ന് ഇപ്പോള്‍ പ്രസക്തമല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ അവര്‍ ഏറ്റെടുത്തിട്ടുണ്ടെന്നതാണ് പ്രധാനം. ഡല്‍ഹിയില്‍ ഒരു വോട്ടര്‍ എന്ന നിലയില്‍ അവരെ ഞാനും നിസാരമായാണ് കണ്ടത്.
ഡല്‍ഹിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്യാറുള്ളത്. പക്ഷേ, എന്റെ ഭാര്യക്ക് ആം ആദ്മി പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് മനസിലായിരുന്നു. അതിനര്‍ഥം, സാധാരണക്കാരായ വീട്ടമ്മമാര്‍, യുവാക്കള്‍, വിവിധ ജാതിമത സമൂഹങ്ങള്‍ ഒക്കെ അവരില്‍ പ്രതീക്ഷ അര്‍പ്പിച്ചുവെന്നാണ്. അവര്‍ക്ക് രാജ്യത്തെയാകെ അഭിസംബോധന ചെയ്യുന്ന പ്രകടന പത്രിക ഇല്ലായിരിക്കാം. പക്ഷേ, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവര്‍ ഏറ്റെടുത്തിട്ടുണ്ട്. 28 സീറ്റ് ചെറുതല്ലാത്ത നേട്ടമാണ്.
അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ അധികാരത്തില്‍ വരും. ഇത്തവണ പലരും അവരുടെ ശക്തിയില്‍ വിശ്വാസമുള്ളവരായിരുന്നില്ല. അവര്‍ക്ക് ഭരിക്കാന്‍ കഴിയുമെന്ന് വന്നിരിക്കുന്നു. ഇത്തവണ ബി ജെ പിക്ക് വോട്ട് ചെയ്തവരും മാറി ചിന്തിക്കും.
പല രാഷ്ട്രീയ കക്ഷികള്‍ക്കും ആദര്‍ശനിഷ്ഠയില്ലാത്തത് ആശങ്കയാണ്. ഒരു മൂന്നാം ബദല്‍ രാജ്യമാകെ ഉയര്‍ന്നുവരണം. അവിടെ വിശാല ഇടതുപക്ഷത്തിനും ഇടമുണ്ട്. ആം ആദ്മിയെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത. കാരണം, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ ഏറ്റടുത്തത്, പ്രഖ്യാപിത രാഷ്ട്രീയ കക്ഷികളല്ല. അവര്‍ ജനങ്ങളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടി ജനങ്ങളില്‍ നിന്ന് നൈസര്‍ഗികമായി ഉയര്‍ന്നുവന്നതാണ്.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിയതല്ല. തിരഞ്ഞെടുപ്പില്‍ അവരെ സഹായിക്കാന്‍ മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ആളുകളെത്തി. അവിടങ്ങളിലും മൂന്നാം മുന്നേറ്റം സാധ്യമാകും. അറബ് വസന്തത്തിന്റെ തുടക്കം സമാനമായിരുന്നു. ജനങ്ങളില്‍ നിന്ന് സ്വാഭാവികമായും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരും. അത് മുന്നേറ്റമായി മാറും. വാള്‍ സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരവും അത്തരത്തിലായിരുന്നു.
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പരാജയം, അവര്‍ ജനങ്ങളില്‍ നിന്ന് അകന്നുവെന്നതാണ്. എല്ലാം ചടങ്ങുതീര്‍ക്കലായി മാറുകയാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അവസ്ഥ നോക്കുക. അതിന്റെ തലപ്പത്തുമാത്രം അറിയപ്പെടുന്ന ഒന്നോ രണ്ടോ എഴുത്തുകാരെ പ്രതിഷ്ഠിക്കും. ബാക്കിയുള്ളവര്‍, പ്രശസ്തിക്കുവേണ്ടി സംഘത്തെ ഉപയോഗപ്പെടുത്തുന്നവരാണ്.
മൂന്നാം ശക്തിയായിത്തീരേണ്ടിയിരുന്ന ഇടതിന്റെ സ്ഥലമാണ് എഎപി കവര്‍ന്നെടുത്തത്. പശ്ചിമ ബംഗാളില്‍ നേരത്തെ ഇതു സംഭവിച്ചു. ജനങ്ങളുടെ നാഡിമിടിപ്പ് മനസിലാക്കാന്‍ സാധിക്കാത്ത വിധം അവരില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അകന്നുപോയി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഭരിക്കാനറിയില്ലെന്ന് എല്ലാ ബംഗാളികള്‍ക്കും അറിയാം. മമതാ ബാനര്‍ജിയോട് പ്രത്യേക മമത പുലര്‍ത്തുന്നവര്‍ വളരെ ചുരുക്കം. എന്നിട്ടും അവരുടെ വിജയത്തിന് കാരണം ജനങ്ങളുടെ ഇച്ഛ അറിയാന്‍ കഴിയാത്ത തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നതിനാലാണ്. 30 വര്‍ഷത്തോളം പശ്ചിമബംഗാളിനെ കുത്തയകാക്കി ഭരിച്ച് പെട്ടെന്ന് താഴെയിറങ്ങുമ്പോഴുള്ള ഒരു പതര്‍ച്ച അവിടെ പാര്‍ട്ടിക്കുണ്ട്. ജനവികാരവും അവരുടെ താത്പര്യവും അറിയാതെ സമയത്ത് സോവിയറ്റ് യൂണിയനിലും റഷ്യയിലുമൊക്കെ ഉണ്ടായതു പോലെ ഉദ്യോഗസ്ഥ മേധാവിത്തം രൂപപ്പെടുകയും അവര്‍ക്ക് ജനവികാരം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടായി. ആ ഒരു അന്യവത്കരണമാണ് അടിസ്ഥാന പ്രശ്‌നം. വാസ്തവത്തില്‍ വലിയ സ്ഥലങ്ങളില്‍ നിന്ന് പഠിച്ചുവന്നവര്‍ വലിയ വലിയ കാര്യങ്ങളും തത്ത്വശാസ്ത്രവുമൊക്കെ പറയും. പണ്ട് ജന വികാരം അറിയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നുവെങ്കിലും ഇന്ന് പറ്റുന്നില്ല. അതാണ് അന്ന് പാര്‍ട്ടി ജയിക്കാനും ഇന്ന് പരാജയപ്പെടുന്നതിനും കാരണം. പുരോഗമന കലാസാഹിത്യ സംഘടന ഇന്ന് പേരിന് മാത്രമേ ഉള്ളൂ. എന്നാല്‍, ജനങ്ങള്‍ അംഗീകരിക്കാത്ത എഴുത്തുകാരാണ് അതില്‍ ഭൂരിഭാഗവും. വൈശാഖന്‍, യു.എ.ഖാദര്‍ തുടങ്ങിയ ചുരുക്കം ചിലരെ എടുത്ത് മുകളില്‍ വയ്ക്കുന്നുണ്ടെങ്കിലും അതെത്രമാത്രം സഹായകമാകുന്നു എന്നറിയില്ല. നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
പ്രസ്ഥാനത്തിന് സംഭവിച്ച അപചയം മൂലം നാടകവേദി ക്ഷീണിച്ചു, സാഹിത്യ സംഘം ക്ഷയിച്ചു, രാഷ്ട്രീയ നേതൃത്വം അപചയിച്ചുപോയാല്‍ അതിന് ചുറ്റിനില്‍ക്കുന്ന സാംസ്‌കാരിക രംഗത്തെയും മറ്റും അപചയം ബാധിക്കും. ഇത്തരം അവസ്ഥയിലാണ് ജനം പുതിയതിനെ ആഗ്രഹിക്കുകയും അത് വരുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. എഎപിയുടെ ഭാവി എന്താണെന്നത് പ്രസക്തമല്ലെങ്കിലും ഇന്ത്യയില്‍ ഒരു മൂന്നാം ശക്തി അനിവാര്യമാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

Latest