ബി ഫാം പരീക്ഷയില്‍ കൂട്ടത്തോല്‍വി

Posted on: December 14, 2013 1:35 am | Last updated: December 14, 2013 at 1:35 am

BPHARMകോഴിക്കോട്: സംസ്ഥാനത്തെ ഗവ. ഫാര്‍മസി കോളജുകളില്‍ ഒന്നാം വര്‍ഷ ബി ഫാം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒന്നാം വര്‍ഷ ബി ഫാം ഫലത്തിലാണ് ഗവ. കോളജുകളിലെ വിദ്യാര്‍ഥികളില്‍ പകുതി പേരും തോറ്റത്. സര്‍ക്കാര്‍ കോളജുകളെ അപേക്ഷിച്ച് സ്വകാര്യ കോളജുകളില്‍ വിജയ ശതമാനം കൂടുതലാണ്. സംസ്ഥാന ആരോഗ്യ സര്‍വകലാശാലയാണ് ബി ഫാം പരീക്ഷ നടത്തുന്നത്. സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ 28 ഫാര്‍മസി കോളജുകളും സര്‍ക്കാര്‍ തലത്തില്‍ നാല് കോളജുകളുമാണുള്ളത്.
മുന്‍ വര്‍ഷങ്ങളില്‍ താരതമ്യേന നല്ല വിജയ ശതമാനം ഉണ്ടായിരുന്ന ഗവ. കോളജുകളാണ് കൂട്ടത്തോല്‍വി ഏറ്റുവാങ്ങിയത്. നന്നായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തോല്‍വി സംഭവിച്ചതിനു പിന്നില്‍ അസ്വാഭാവികതയുണ്ടെന്നാണ് വിദ്യാര്‍ഥികളും കോളജ് അധ്യാപകരും ഏകകണ്ഠമായി പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ സമ്മതത്തോടെ വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലാ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
കോഴിക്കോട്, ആലപ്പുഴ- 50, തിരുവനന്തപുരം- 60, കോട്ടയം- 65 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഗവ. ഫാര്‍മസി കോളജുകളിലെ ഒന്നാം വര്‍ഷ ബി ഫാം കോഴ്‌സിന്റെ വിജയ ശതമാനം. കഴിഞ്ഞ തവണ 85 മുതല്‍ 90 വരെ ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചിരുന്നു.
അതേസമയം, ആരോഗ്യ സര്‍വകലാശാല സ്വകാര്യ മേഖലയിലെ കോളജുകള്‍ക്കും അധ്യാപകര്‍ക്കും അമിത പ്രാധാന്യം നല്‍കുന്നതായി ആക്ഷേപമുണ്ട്. പരീക്ഷാ ഡ്യൂട്ടിക്കും മൂല്യനിര്‍ണയത്തിനും ഗവ. ഫാര്‍മസി കോളജുകളിലെ അധ്യാപകരെ തഴയുന്ന അവസ്ഥയുണ്ടത്രെ. കൂടാതെ, പരീക്ഷാഫലം സംബന്ധിച്ച പരാതിയുണ്ടായാല്‍ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൗകര്യവുമില്ല. നേരത്തെ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ സാധാരണ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലായിരുന്ന സമയത്ത് പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൗകര്യമുണ്ടായിരുന്നു. മൂന്ന് പ്രാവശ്യം മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും പുനര്‍മൂല്യനിര്‍ണയത്തിന്റെ ആവശ്യമില്ലെന്നുമാണ് അധികൃതരുടെ ഭാഷ്യം. പുനര്‍ മൂല്യനിര്‍ണയം സാധ്യമാകാത്ത സാഹചര്യത്തില്‍ ഉത്തരക്കടലാസിന്റെ കോപ്പി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.