Connect with us

Kozhikode

ടി പി വധം: പ്രതികള്‍ ഫോണ്‍ വഴി ബന്ധപ്പെട്ട അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനാകില്ല

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ട അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘം. ജയിലില്‍ നിന്ന് പ്രതികള്‍ നിരവധി പേരെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ അഭിഭാഷകരടക്കം ചിലരെ പ്രതികള്‍ വിളിച്ചതായി ബോധ്യപ്പെട്ടെങ്കിലും നിയമപരമായി ഇതു തെളിയിക്കുക പ്രയാസമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഒമ്പത് മൊബൈല്‍ ഫോണുകളുടെയും സിം കാര്‍ഡ് ഉടമകളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഉടമകളില്‍ പലര്‍ക്കും ടി പി കേസ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇവരുടെ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല. മലബാറുകാരാണ് സിം ഉടമകളില്‍ മിക്കവരുമെന്നാണ് അന്വേഷണ കേന്ദ്രങ്ങള്‍ പറയുന്നത്. കക്കൂസ് പൈപ്പില്‍ നിന്ന് ആദ്യം കിട്ടിയ ഫോണ്‍ ടി പി കേസ് പ്രതികള്‍ ഉപയോഗിച്ചതല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. മറ്റ് കേസുകളിലെ ഏതോ പ്രതി ഉപയോഗിച്ച ഫോണാണെന്നാണ് നിഗമനം. ജി പി ആര്‍ എസ് സംവിധാനമുള്ള ഫോണാണിത്. പ്രതികള്‍ പലരും ഫോണുകള്‍ പരസ്പരം കൈമാറി ഉപയോഗിച്ചതായും പോലീസ് പറഞ്ഞു.
അതിനിടെ, ടി പി കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ വിളിച്ച സംഭവത്തില്‍ ഡി ജി പി, ജയില്‍ ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നതതല സംഘം അന്വേഷണം തുടങ്ങി. ആഭ്യന്തര സെക്രട്ടറി മുരളീധരന്‍ പ്രതികളുടെ ഫോണ്‍വിളി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കമ്മീഷണര്‍ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പുതിയ വിവരങ്ങളും സംഘത്തിന് കൈമാറിയിട്ടുണ്ട്. ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യവും ഇതുവരെയുളള അന്വേഷണം നീരിക്ഷിച്ചു. ഒരാഴ്ചക്കുളളില്‍ ഉന്നതതല സംഘം അന്വേഷണത്തിനായി കോഴിക്കോട്ടെത്തുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ മൂന്നിന് കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നതതല അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. സംഘത്തിലെ ജയില്‍ ഡി ജി പിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബിനെ ആ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ പകരം ചുമതല വഹിക്കുന്ന ടി പി സെന്‍കുമാറായിരിക്കും സംഘത്തിലുണ്ടായിരിക്കുകയെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ആദ്യം കോഴിക്കോട് ജില്ലാ ജയില്‍ ടി പി സെന്‍കുമാര്‍ സന്ദര്‍ശിക്കും.
പ്രധാനമായും ശാസ്ത്രീയമായ തെളിവുകളാണ് ഇപ്പോഴുള്ള കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് ശേഖരിക്കാന്‍ ഉന്നതല സംഘം നിര്‍ദേശിച്ചത്. തെളിവുകള്‍ക്ക് ശേഷം മാത്രമേ മറ്റുള്ളവ അന്വേഷിക്കുകയുള്ളൂ. ജയിലിലെ സി സി ടി വി പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ ആരെങ്കിലും പുറത്തുകൊണ്ടുപോയോയെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടില്ല. മുന്‍ ജയില്‍ സുപ്രണ്ടുമാരായ രണ്ട് പേരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.