Connect with us

Editorial

തിരുത്തേണ്ടിവന്ന വിചിത്ര നിര്‍ദേശം

Published

|

Last Updated

ആശ്ചര്യമുളവാക്കുന്നതായിരുന്നു എട്ടാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വേഷമായി നിക്കര്‍ നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിമര്‍ശമുയര്‍ന്നുവന്ന സാഹചര്യത്തില്‍ തീരുമാനം തിരുത്തിയത് നന്നായി. സര്‍ക്കാറിന്റെ സൗജന്യ യൂനിഫോം വിതരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിക്കറിന് ശിപാര്‍ശ ചെയ്തിരുന്നത്. എല്‍ പി സ്‌കൂളിലെ ചെറിയ ക്ലാസുകളില്‍ ചുരുക്കം ചില വിദ്യാര്‍ഥികള്‍ നിക്കര്‍ ധരിക്കാറുണ്ടെങ്കിലും ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും പാന്റ്‌സും ഷര്‍ട്ടുമാണ് ധരിക്കുന്നത്. ഇത് മാറ്റി എട്ടാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് നിക്കര്‍ വ്യാപകമാക്കാനായിരുന്നു നീക്കം. തീരുമാനം വിവാദമായതിനെത്തുടര്‍ന്ന് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പിന്‍വലിക്കുകയായിരുന്നു.
സ്‌കൂള്‍ യൂനിഫോമിന്റെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിചിത്രമായ ഉത്തരവ് ഇതാദ്യമല്ല. കഴിഞ്ഞ സെപ്തംബറില്‍ സ്‌കൂള്‍ കുട്ടികളുടെ സൗജന്യ വസ്ത്രത്തിന്റെ അളവ് സംബന്ധിച്ച ഉത്തരവിലുമുണ്ടായിരുന്നു അപാകം. നാണം മറക്കാന്‍ തികയാത്ത അളവാണ് പ്രസ്തുത ഉത്തരവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിര്‍ദേശിച്ചിരുന്നത്. ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് നിക്കര്‍ തൈക്കാന്‍ ചുരുങ്ങിയത് 60 സെന്റിമീറ്ററും ഷര്‍ട്ടിന് ഒരു മീറ്ററും വേണമെന്നിരിക്കെ വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശം യഥാക്രമം 35 ഉം 75 ഉം സെന്റിമീറ്ററായിരുന്നു. ഇതേ ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് പാവാടക്കും ഷര്‍ട്ടിനും കൂടി നിര്‍ദേശിച്ചത് 75 സെന്റീമീറ്റര്‍ തുണിയാണ്. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ ആണ്‍കുട്ടികള്‍ക്ക് പാന്റിന് ഒന്നേകാല്‍ മീറ്റര്‍ വേണ്ടതുള്ളപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശശം 50 മുതല്‍ 60 സെന്റി മീറ്ററായിരുന്നു. വ്യാപകമായ വിമര്‍ശത്തിന് വിധേയമായിരുന്നു ഈ ഉത്തരവ്.
വസ്ത്രം സംസ്‌കാരത്തിന്റെ ഭാഗമാണ് മനുഷ്യചരിത്രത്തില്‍. മാന്യമായ വ്യക്തിത്വത്തെ ലോകത്തിനു മുമ്പില്‍ വരച്ചുകാണിക്കുന്നതില്‍ അതിപ്രധാനമായ സ്ഥാനം ഒരാളുടെ വസ്ത്രധാരണരീതി ക്കുണ്ട്. ഒരു നാടിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനത്തിന്റെയുമൊക്കെ അടായാളപ്പെടുത്തലാണത്. ഒരാളെ ഒറ്റ നോട്ടത്തി ല്‍ വിലയിരുത്തുന്നത് വേഷവിധാന ത്തിലൂടെയാണ്. സംസ്‌കാരസമ്പന്നരെന്നാണ് കേരളീയര്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. നടപ്പും ശീലങ്ങളും മാത്രമല്ല, മാന്യമായ വസ്ത്രധാരണ രീതികൂടിയാണ് മലയാളിയുടെ ഈ മെച്ചപ്പെട്ട സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നത്. മറ്റുള്ളവര്‍ക്ക് അരോചകമല്ലാത്ത വേഷം ധരിക്കുക എന്നത് മലയാളികള്‍ പണ്ടുമുതലേ മാന്യതയുടെയും സംസ്‌കാരത്തിന്റെയും ലക്ഷണമായാണ് വിലയിരത്തി വരുന്നത്. സ്ത്രീയായാലും പുരുഷനായാലും ശരീര ഭാഗങ്ങള്‍ മറക്കുന്നതാണ് കേരളീ വസ്ത്രധാരണ രീതി. ആദ്യകാലത്ത് മുണ്ടും ഷര്‍ട്ടുമായിരുന്നു ഇവിടെ പുരുഷന്റെ പൊതുവായ വേഷവിധാനം. ബ്രിട്ടീഷുകാരുടെ വരവോടെ പലരും ഈ പരമ്പരാഗത രീതി ഉപേക്ഷിച്ചു വിദേശീയരുടെ വസ്ത്രധാരണം അനുകരിക്കാന്‍ തുടങ്ങിയെങ്കിലും അര്‍ധനഗ്ന വസ്ത്രധാരണ രീതിയായ നിക്കറിനെ മുതിര്‍ന്ന പുരുഷന്മാരും കുട്ടികളും മാറ്റി നിര്‍ത്തി. അത് നമ്മുടെ സംസ്‌കാരത്തിന് ചേരില്ലെന്ന മലയാളി തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷ് കാലത്തെ പോലീസ് വേഷമായിരുന്ന കാക്കി നിക്കറില്‍ നിന്ന് കാക്കി പാന്റ്‌സിലേക്ക് കേരളം മാറിയതും ഇതുകൊണ്ടായിരുന്നല്ലോ.
സാംസ്‌കാരിക കേരളത്തിന് അരോചകവും പരിഷ്‌കൃത സമൂഹത്തിന് അനുയോജ്യമല്ലാത്തതുമായ നിക്കര്‍ ധാരണം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിച്ചതിനു പിന്നിലെ ചേതോവികാരമെന്തെന്ന് മനസ്സിലാകുന്നില്ല. വിദ്യാഭ്യാസമെന്നാല്‍ അറിവില്ലാത്ത കുറേ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കല്‍ മാത്രമല്ല, സാന്മാര്‍ഗിക ബോധത്തിലേക്കും സംസ്‌കാരികോന്നതിയി ലേക്കും പുതുതലമുറയെ എത്തിക്കുക കൂടിയാണ് അതിന്റെ ധര്‍മം. കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള ഉത്തമാംശങ്ങളുടെ ആവിഷ്‌കാരമെന്നാണ് മഹാത്മാഗാന്ധി വിദ്യാഭ്യാസത്തെ നിര്‍വചിച്ചത്. പുതിയ അറിവുകള്‍ക്കൊപ്പം പാരമ്പര്യത്തിനും സംസ്‌കാരത്തിനും കരിക്കുലത്തില്‍ പ്രാധാന്യമുണ്ട്. സംസ്‌കാരത്തോട് അഴുകിച്ചേര്‍ന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന തലമുറയെ വാര്‍ത്തെടുക്കാനാകൂ. പാഠപുസ്തകങ്ങളിലെ താളുകളില്‍ മാത്രം പോരാ, വിദ്യാര്‍ഥികളുടെ നടപ്പിലും ഉടുപ്പിലുമെല്ലാം അത് പ്രതിഫലിക്കണം. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശരിയായ ഈ കാഴ്ചപ്പാടിന് വിരുദ്ധമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. അപഹാസ്യമായ ആ ഉത്തരവ് ഏറെ വൈകാതെ പിന്‍വലിച്ചത് നന്നായി.

Latest