ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

Posted on: December 13, 2013 7:23 am | Last updated: December 13, 2013 at 7:23 am

അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. എം ആര്‍ സത്യനാണ് ജില്ലാപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. സി പി എം ഏരിയാകമ്മിറ്റി അംഗം ശ്രീലക്ഷ്മി ശ്രീകുമാറാണ് നിലവില്‍ വൈസ്പ്രസിഡന്റ്.
13 അംഗഭരണസമിതിയില്‍ പ്രസിഡന്റായിരുന്ന കെ കെ ഉഷാരാജു അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരു മുന്നണികളുടെയും അംഗബലം ആറ് വീതമായിരുന്നു.
ഒരു മാസം മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ അംഗം കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ കെ രാജന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ യു ഡി എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരിക്കെ കേരളകോണ്‍ഗ്രസ് (ജേക്കബ്)അംഗമായിരുന്ന കെ കെ ഉഷാരാജു കൂറുമാറി വോട്ട് ചെയ്തത് പ്രസിഡന്റായിരുന്ന എം ആര്‍ സത്യനു പദവി നഷ്ടമാകാന്‍ ഇടയാക്കിയിരുന്നു. നഷ്ടമായ പ്രസിഡന്റ് പദം തിരികെ പിടിച്ചതോടെ ആത്മവിശ്വാസം വീണ്ടുകിട്ടിയ യു ഡി എഫ് വൈസ്പ്രസിഡന്റ് സ്ഥാനവും കരസ്ഥമാക്കാനുള്ള നീക്കത്തിലാണ്.