ക്രിസ്മസ് പരീക്ഷ: ചോദ്യപേപ്പറുകള്‍ മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തനം

Posted on: December 13, 2013 7:17 am | Last updated: December 13, 2013 at 7:17 am

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ആവര്‍ത്തനമെന്ന് പരാതി. ഇന്നലെ നടന്ന ഹിന്ദി, അറബിക്, സംസ്‌കൃതം ചോദ്യപേപ്പറുകളാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പറിന്റെ തനിയാവര്‍ത്തനമായത്. ചോദ്യപേപ്പര്‍ തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ വകുപ്പിന് പിഴവുപറ്റിയെന്ന് ആരോപിച്ച അധ്യാപക സംഘടനകള്‍ ക്രിസ്മസ് പരീക്ഷ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
ക്രിസ്മസ് പരീക്ഷക്ക് ഒന്‍പതാം ക്ലാസിലെ മലയാളം ചോദ്യപേപ്പര്‍ മുന്‍വര്‍ഷത്തെ ആവര്‍ത്തനമാണെന്ന ആരോപണമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ തുടര്‍ പരിശോധനയില്‍ മറ്റ് ചില വിഷയങ്ങളിലും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ അതേ പടി പകര്‍ത്തിയിരിക്കുകയാണെന്ന് തെളിഞ്ഞു. ഇന്നലെ നടന്ന ഒന്‍പതാം ക്ലാസ് ഹിന്ദി പരീക്ഷയുടെ ചോദ്യങ്ങള്‍ 2012ലെ പരീക്ഷയുടെ തനിയാവര്‍ത്തനം. തീയതിക്ക് മാത്രമാണ് മാറ്റമുള്ളത്. പത്താം ക്ലാസിലെ അറബിക്, സംസ്‌കൃതം വിഷയങ്ങളിലും 2011ലെ ചോദ്യപേപ്പറില്‍ തീയതി മാത്രം മാറ്റിയാണ് അച്ചടിച്ചിരിക്കുന്നത്.
ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ഡയറ്റുകള്‍ കേന്ദ്രീകരിച്ചും എസ് സി ഇ ആര്‍ ടിയെക്കൊണ്ടും ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടാണ് ഈ അബദ്ധം പിണഞ്ഞിട്ടുള്ളത്. ഒരു വിഷയത്തിന്റെ പരീക്ഷക്കായി വ്യത്യസ്തമായ മൂന്ന് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കണമെന്നാണ് വ്യവസ്ഥയുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നാല്‍ ഉപയോഗിക്കാനാണ് ഒരു പരീക്ഷക്കായി മൂന്ന് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്. പക്ഷേ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍, പല വിഷയങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ തന്നെയാണ് ഇത്തവണയും അച്ചടിച്ച് വിതരണം ചെയ്തത്. തീര്‍ത്തും അശ്രദ്ധമായി നടത്തുന്ന പരീക്ഷ നിര്‍ത്തിവെക്കണമെന്നും ഇല്ലെങ്കില്‍ പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.