മുസാഫര്‍നഗര്‍: ക്യാമ്പിലെ കുട്ടികളുടെ മരണം ഗൗരവമേറിയത്- സുപ്രീം കോടതി

Posted on: December 13, 2013 7:04 am | Last updated: December 13, 2013 at 7:04 am

ന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകള്‍ കഴിയുന്നു ക്യാമ്പില്‍ 40 കുട്ടികള്‍ മരിച്ച സംഭവം ഗൗരവമായി കാണേണ്ടതാണെന്ന് സുപ്രീം കോടതി. അതിശൈത്യ ഭീഷണിയെ മറികടക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ യു പി സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. ക്യാമ്പുകളില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവം പാര്‍ലിമെന്റില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു.
മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയ അഭയാര്‍ഥി ക്യാമ്പുകളില്‍ നടന്ന മരണങ്ങളെ സംബന്ധിച്ച് കൃത്യത വരുത്താന്‍ കോടതി നിര്‍ദേശിച്ചു. കലാപബാധിതര്‍ക്ക് അടിയന്തര സഹായവും പുനരധിവാസവും നല്‍കണമെന്ന് നേരത്തെ ഉത്തരവിട്ടിട്ടും പാലിക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
‘അഭയാര്‍ഥി ക്യാമ്പുകളില്‍ കുട്ടികള്‍ മരിച്ച സംഭവം പത്രങ്ങളില്‍ വായിച്ചു. ഇക്കാര്യം പാര്‍ലിമെന്റ് പോലും ചര്‍ച്ച ചെയ്തു. ഇത് ഗൗരവമേറിയ വിഷയമാണ്.’ ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസുമാരായ രഞ്ജന പ്രകാശ് ദേശായ്, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. അഭയാര്‍ഥി ക്യാമ്പുകളില്‍ അടിയന്തര സഹായം നല്‍കണമെന്ന് കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഈ സംഭവം. ഇന്ന് രാവിലെയോടെ കുട്ടികളടക്കം എല്ലാ ഇരകള്‍ക്കും ചികിത്സാ സൗകര്യങ്ങളടക്കം എല്ലാ അവശ്യ വസ്തുക്കളും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
അതിശൈത്യം കാരണം കുട്ടികള്‍ മരിച്ചെന്ന മാധ്യമ വാര്‍ത്തകളില്‍ കൃത്യത വരുത്തണം. ഹരജിയില്‍ ചൂണ്ടിക്കാട്ടിയ ഗൗരവമേറിയ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍, അടുത്ത വാദം കേള്‍ക്കല്‍ ദിവസമായ ജനുവരി 21ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അവഗണന, സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു.

ALSO READ  പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച