പോലീസിന് നേരെ ആക്രമണം: മണല്‍ മാഫിയാ സംഘത്തിലെ ഒരാള്‍ റിമാന്‍ഡില്‍

Posted on: December 13, 2013 6:52 am | Last updated: December 13, 2013 at 6:52 am

കോഴിക്കോട്: പെരുമണ്ണ വെള്ളായിത്തോടില്‍ മണല്‍മാഫിയ പോലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ റിമാന്‍ഡില്‍. മണലെടുപ്പ് സംഘത്തിലുണ്ടായിരുന്ന വാഴയൂര്‍ ചേനക്കണ്ടി നിഷാദിനെ(30) യാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) റിമാന്‍ഡ് ചെയ്തത്. വധശ്രമത്തിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അനധികൃത മണല്‍ കടത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി നല്ലളം പോലീസ് അറിയിച്ചു. ചെറുവണ്ണൂര്‍ സി ഐ ശബരിമല ഡ്യൂട്ടിയിലായതിനാല്‍ ചാര്‍ജ് വഹിക്കുന്ന കോസ്റ്റല്‍ സി ഐ. പി പ്രമോദിന്റെ നേതൃത്വത്തില്‍ സംശയിക്കപ്പെടുന്നവരുടെ വീടുകളില്‍ ഇന്നലെ പരിശോധന നടത്തി. പോലീസിനെ ആക്രമിച്ചതിനല്‍ അമ്പതോളം പേര്‍ക്കെതിരെ നല്ലളം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. നല്ലളം എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡിന് പോയ പോലീസ് സംഘത്തെ മണല്‍ മാഫിയ ആക്രമിക്കുകയായിരുന്നു. വെള്ളായിത്തോട് ചട്ടംലംഘിച്ച് ഒരു സംഘം പുഴയില്‍ മണല്‍വാരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ജീപ്പ് കരയില്‍ നിര്‍ത്തിയ ശേഷം, തോണിയില്‍ കയറിപ്പോയ പോലീസ് മണല്‍വാരുന്ന തൊഴിലാളികളെ വളയുകയായിരുന്നു. അഞ്ച് പേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടെങ്കിലും നിഷാദ് പോലീസിന്റെ പിടിയിലായി. ഇയാളുമായി കരയിലേക്ക് മടങ്ങുന്നതിനിടെ കൂടുതല്‍ മണല്‍വാരല്‍ തൊഴിലാളികള്‍ സംഘടിച്ചെത്തി പോലീസിനെ വളയുകയും കല്ലും വടികളുമായി ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് റിവോള്‍വറെടുത്ത് എസ് ഐ ഗോപകുമാര്‍ ആകാശത്തേക്ക് നാല് റൗണ്ട് വെടിവച്ചതോടെയാണ് മണല്‍വാരല്‍ തൊഴിലാളികള്‍ പിന്‍മാറിയത്. പോലീസ് പിടികൂടിയ തോണിയും മണലും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഫറോക്കിലേക്ക് കൊണ്ടുപോയത്. വിവരമറിഞ്ഞ് കോഴിക്കോട് സൗത്ത് എ സി പി കെ ആര്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
മണല്‍വാരല്‍ സംഘത്തിന്റെ കല്ലേറില്‍ നല്ലളം എസ് ഐ. ജി ഗോപകുമാര്‍, സി പി ഒമാരായ ബിജു, ശ്രീനിവാസന്‍, ഉദയചന്ദ്രന്‍ എന്നിവര്‍ക്കും പുറ്റേക്കടവിലെ മൂന്ന് മണല്‍ത്തൊഴിലാളികള്‍ക്കുമാണ് പരുക്കേറ്റത്.
ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം കോഴിക്കോട് ജില്ലയില്‍ കലക്ടര്‍ മണല്‍വാരല്‍ നിരോധിച്ചിരുന്നു. അത് മറികടന്നാണ് വെള്ളായിത്തോടില്‍ അനധികൃത മണല്‍ കടത്ത്.