ഫിഫ ലോകകപ്പ് ട്രോഫി ഇന്ന് ഖത്തറില്‍

Posted on: December 13, 2013 6:30 am | Last updated: December 13, 2013 at 6:30 am

Fifa-World-Cup-2014-Brazilദോഹ: ദേശീയ ദിനാഘോഷ സന്തോഷങ്ങള്‍ക്കിടെ മറ്റൊരു സന്തോഷമായിലോകകപ്പ് ഖത്തറില്‍. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് മല്‍സരത്തിന് മുന്നോടിയായി ലോകകപ്പ് ട്രോഫി വഹിച്ചുള്ള യാത്ര ഇന്ന് ദോഹയിലെത്തുന്നു. ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കപ്പ് നേരിട്ടുകാണാനുള്ള അവസരമാണ് ലഭിക്കുന്നത്. ട്രോഫി സംഘം , ഇതിനകം നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു..

മൂന്നു ദിവസത്തെ സഊദി അറേബ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ട്രോഫി ഖത്തറിലെത്തുക. ലോക കാല്‍പ്പന്തു വീരന്മാരെ കാത്തിരിക്കുന്ന സ്വര്‍ണ്ണക്കപ്പ് മൂന്നുദിവസം ഇവിടെയുണ്ടാകും. 15ന് സംഘം യു.എ.ഇയിലേക്ക് പോകും. ഡിസംബര്‍ 22 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലുണ്ടാകും. 2014 ഏപ്രില്‍ 21നാണ് സന്ദര്‍ശനം പൂര്‍ത്തിയാകുന്നത്. ജൂണ്‍ 12മുതല്‍ ജൂലൈ 13വരെയാണ് ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്.ഇന്ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കപ്പുമായെത്തുന്ന ഫിഫ സംഘത്തെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ സ്വീകരിക്കും. ഫിഫ സംഘത്തെ നയിക്കുന്നത് അര്‍ജന്റീന ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഗബ്രിയേല്‍ ഹുംബാര്‍ട്ടോ കാള്‍ഡോണാണ്. 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച 36 സെന്റിമീറ്റര്‍ ഉയരവും 6175 ഗ്രാം തൂക്കവുമുള്ള ലോക സ്വര്‍ണ്ണ കപ്പാണ് ഖത്തറിലെത്തുന്നത്.