Connect with us

Palakkad

മവോയിസ്റ്റുകളുണ്ടെന്ന് സംശയം;’ മലമ്പുഴ വനമേഖലയില്‍ സംയുക്ത പരിശോധന

Published

|

Last Updated

പാലക്കാട്: മലമ്പുഴ വനപ്രദേശത്ത് അപരിചിതരെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മലമ്പുഴ വനമേഖല അരിച്ചുപെറുക്കി.
മാവോയിസ്റ്റുകള്‍ എന്ന നിഗമനത്തിലാണ് ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ട് നാല്‌വരെ ജില്ലാ പൊലീസ് മേധാവി ജി സോമശേഖരന്റെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ രണ്ട് സംഘമായി തിരിഞ്ഞു തെരച്ചില്‍ നടത്തിയത്. എന്നാല്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള തെളിവൊന്നും ലഭിച്ചില്ലെന്ന് പോലീസ് മേധാവി പറഞ്ഞു. ബുധനാഴ്ച രാവിലെ മലമുകളില്‍ അപരിചിതരായ ഏതാനും പേരെ കണ്ടതായി സര്‍ക്കാര്‍ അഗ്രികള്‍ച്ചറല്‍ ഫാമില്‍നിന്നാണ് ജില്ല പോലീസ്് മേധാവിയെ അറിയിച്ചത്.
മലമ്പുഴ എച്ച് ഡി ഫാമിന് പിറകിലെ എരിച്ചരംമലയുടെ വനമേഖലയില്‍ പാറപ്പുറത്ത് പച്ചവസ്ത്രധാരികളായ നാലുപേര്‍ നില്‍ക്കുന്നതായി ഫാമിലെ ജീവനക്കാരും കാവല്‍ക്കാരും കണ്ടുവെന്നാണ് പറയുന്നത്. ചൊവ്വാഴ്ച രാവിലെയും ചിലരെ കണ്ടുവെന്നും സംസാരിക്കുന്ന ശബ്ദം കേട്ടുവെന്നും പറയുന്നു. ഈ മാസം നാലിന് പത്തിലധികംപേരെ ഇതേസ്ഥലത്ത് കണ്ടതായും ഫാമില്‍ വെട്ടിക്കൂട്ടിയിട്ട വിറക് കത്തിച്ചതായും ഇവര്‍ പറയുന്നു. കനത്ത മഞ്ഞും തണുപ്പും മൂലം രാത്രി ചൂട് കായാന്‍ കത്തിച്ചതായാണ് സംശയം ഉയര്‍ന്നത്. ഫാമിന് രാത്രികാവലുണ്ടെങ്കിലും മറുഭാഗത്തെത്തുക ദുഷ്‌കരമാണ്. രണ്ട് മലകളുടെ ഇടയിലും നടുവില്‍ താഴ്ചയുള്ളതുമായ സ്ഥലമായതിനാല്‍ തീ കത്തിച്ചാല്‍ പോലും ആരും അറിയില്ല.
ജില്ലാ പോലീസ് മേധാവിക്കു പുറമേ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍, പാലക്കാട് ഡിവൈഎസ്പി പി കെ മധു, ഫോറസ്റ്റ് വാളയാര്‍ റേഞ്ച് ഓഫീസര്‍ സുകേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഫാമിന്റെ പിറകില്‍നിന്ന് പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തോണിക്കടവ്‌വരെയും ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ എരിച്ചരംവരെയും തെരച്ചില്‍ നടത്തി. ഫാം കഴിഞ്ഞാല്‍ മേലെ ചെറാട്, ദുര്‍ഗനഗര്‍ എന്നിവിടങ്ങള്‍ ജനവാസകേന്ദ്രമാണ്.
മലയുടെ മറുപുറത്ത് തോണിക്കടവിലും ജനവാസമുണ്ട്. അതിനാല്‍ അപരിചിതര്‍ കടന്നുവരാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഫാമില്‍നിന്നുള്ള ഇറക്കം ചെങ്കുത്താണെങ്കിലും തെക്കേ മലമ്പുഴയിലൂടെ എളുപ്പത്തില്‍ അപരിചിതരെ കണ്ടുവെന്നു പറയുന്ന സ്ഥലത്ത് എത്താവുന്നതാണെന്ന് പോലീസ് മേധാവി പറഞ്ഞു. അപരിചിതര്‍ എന്ന് പറയുന്നവര്‍ കൂപ്പ്‌തൊഴിലാളികളോ മണല്‍ക്കടത്ത് തടയാന്‍ ഏര്‍പ്പെടുത്തിയവരോ ആകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തെ പരിശോധനയും ജാഗ്രതയും തുടരുമെന്നും പോലീസ് അറിയിച്ചു.

Latest