Connect with us

Malappuram

മൈലാടി മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാര്‍ വീണ്ടും സമരത്തിന്‌

Published

|

Last Updated

കോട്ടക്കല്‍: നഗരസഭയുടെ മൈലാടിയിലെ മാലിന്യ പ്ലാന്റിനെതിരെയുള്ള സമരം വീണ്ടും ശക്തമാക്കുന്നു. സമരത്തിന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഉചിതമായ തീരുമാനം എടുക്കാന്‍ തയ്യാറാകാത്ത നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജനകീയ സമര സമിതി രംഗത്തിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നാട്ടുകാര്‍ പ്ലാന്റിനെതിരെ രംഗത്തെത്തിയത്. സമരം അടിച്ചൊതുക്കാന്‍ അധികൃതര്‍ തുനിഞ്ഞതോടെ സമരം ശക്തമാകുകയായിരുന്നു. ഇതെ തുടര്‍ന്ന് കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രണ്ട് മാസത്തിനകം പ്രശ്‌നം തീര്‍ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് പാലിക്കാന്‍ നഗരസഭക്കായില്ല.
ഇതിനിടയില്‍ ശുചിത്വ മിഷന്‍ ഇടപെട്ട് മൊബൈല്‍ ഇന്‍സിനേറ്റര്‍ വരുത്തി മാലിന്യം കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ലെന്ന് മാത്രമല്ല ഇന്‍സിനേറ്റര്‍ നഗരസഭക്ക് ബാധ്യതയാവുകയും ചെയ്തു. പിന്നീട് ഉപേക്ഷിച്ചു പോയ ഇന്‍സിനേറ്ററിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇന്നലെ അധികൃതര്‍ എത്തി. ഇത് സമര സമിതി തടഞ്ഞു. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ പരിസര വാസികളെ ദുരിതത്തിലാക്കുകയാണെന്ന് സമര സമിതി ആരോപിച്ചു. കള്ളകേസുകള്‍ ഉണ്ടാക്കുകയാണെന്നും സമിതി ആരോപിക്കുന്നു.
പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ റോഡ് ഉപരോധം, നഗരസഭ കാര്യാലയത്തിന് മുമ്പില്‍ അനിശ്ചിത കാല സമരം, കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ എന്നിവ നടത്താന്‍ സമിതി തീരുമാനിച്ചു. യോഗത്തില്‍ ടി ഹബീബ് റഹ്മാന്‍, ചെരട മുഹമ്മദ്, പി പി മൊയ്തീന്‍കുട്ടി, സത്യന്‍, ഹംസ ഹാജി പ്രസംഗിച്ചു. ടി ഹൈദര്‍ അധ്യക്ഷത വഹിച്ചു.

Latest