അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍ 19ന് ആരംഭിക്കും

Posted on: December 12, 2013 7:56 am | Last updated: December 13, 2013 at 7:57 am

കൊച്ചി: 72-ാമത് സര്‍ അഷുതോഷ് മുഖര്‍ജി അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് എം ജി യൂനിവേഴ്‌സിറ്റി ആതിഥ്യമരുളും. ഈ മാസം 19 മുതല്‍ 31 വരെ രണ്ട് ഘട്ടങ്ങളിലായിട്ട് മൂവാറ്റുപുഴ നിര്‍മ്മലാ കോളജിലാണ് ടൂര്‍ണമെന്റ് നടക്കുക. 19 മുതല്‍ 24 വരെ ദക്ഷിണേന്ത്യന്‍ അന്തര്‍ സര്‍വ്വകലാശാല മത്സരങ്ങള്‍ നടക്കും. 26ന് അഖിലേന്ത്യാ അന്തര്‍മേഖല ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ആരംഭിക്കും.
അഖിലേന്ത്യാ തലത്തില്‍ മികവു തെളിയിച്ച അണ്ണാമല, കേരള, മദ്രാസ്, ചെന്നൈ എസ് എര്‍ എം, എം ജി, സ്യഭാമ, കാലിക്കറ്റ്, ബാംഗ്ലൂര്‍, മൈസൂര്‍ ഉള്‍പ്പെടെ 73 ദക്ഷിണേന്ത്യന്‍ സര്‍വ്വകലാശാലകള്‍ ദക്ഷിണേന്ത്യന്‍ അന്തര്‍ സര്‍വ്വകലാശാല മത്സരങ്ങളില്‍ മാറ്റുരക്കും. ഇതില്‍ മികവു തെളിയിക്കുന്ന നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ, അഞ്ച് മേഖലകളില്‍ നിന്നുള്ള 20 സര്‍വ്വകലാശാലകളാണ് ദേശീയ ചാമ്പ്യന്‍മാരെ കണ്ടെത്തുന്നതിനുള്ള അഖിലേന്ത്യാ അന്തര്‍മേഖല ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുക. നിര്‍മ്മല കോളേജിനു പുറമെ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. 1900 കളിക്കാരും 300 ഒഫിഷ്യലുകളും ഈ ചാമ്പ്യഷിപ്പില്‍ പങ്കെടുക്കും.
19ന് വൈകീട്ട് 4ന് കേരള എക്‌സൈസ് മന്ത്രി കെ ബാബു മത്സരം ഉദാഘാടനം ചെയ്യുമെന്ന് ചാമ്പ്യഷിപ്പ് രക്ഷാധികാരി ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് നടക്കുന്ന ദക്ഷിണ മേഖല ഫൈനല്‍ മത്സരത്തിനു ശേഷം എം ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ വി ജോര്‍ജും പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറും ട്രോഫികള്‍ വിതരണം ചെയ്യും. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ അഷുതോഷ് മുഖര്‍ജി അഖിലേന്ത്യാ ഫുട്‌ബോളിന് ഇത് രണ്ടാം തവണയാണ് എം ജി വാഴ്‌സിറ്റി ആതിഥ്യമരുളുന്നത്.