Connect with us

Malappuram

പാഠപുസ്തക പരിഷ്‌കരണം: വിദഗ്ധ സമിതിയുടെ തീരുമാനം വിവാദമാകുന്നു

Published

|

Last Updated

മലപ്പുറം: പുതുതായി അച്ചടിക്കുന്ന പാഠപുസ്തകങ്ങളുടെ കാര്യത്തില്‍ കരിക്കുലം കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പുതിയ തീരുമാനം ഉണ്ടാക്കിയ എസ് സി ഇ ആര്‍ ടി വിദഗ്ധ സമിതിയുടെ നടപടി വിവാദമാകുന്നു. അച്ചടിക്ക് തയ്യാറായ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാതെ പുതിയവ നിര്‍മിക്കാനാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകം വൈകാനുള്ള സാധ്യതയും ഏറി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, പതിനൊന്ന് ക്ലാസുകളുടെ പാഠപുസ്തകങ്ങളാണ് അടുത്ത അധ്യയന വര്‍ഷം മാറുന്നത്. ഈ പാഠപുസ്തകങ്ങളുടെ സൂക്ഷ്മ പരിശോധനക്കായാണ് എസ് സി ഇ ആര്‍ ടി വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ശാസ്ത്ര, സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായി ഒന്‍പതംഗ വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. വി പി മുഹമ്മദ് കുഞ്ഞു മേത്തര്‍, റോസമ്മ ഫിലിപ്പ്, കെ എസ് മാധവന്‍, കരിക്കുലം കമ്മിറ്റി അംഗം എം ഷാജഹാന്‍, ജെ ശശി, എ കെ സൈനുദ്ദീന്‍, എസ് സി ഇ ആര്‍ ടി കരിക്കുലം തലവന്‍ എസ് രവീന്ദ്രന്‍നായര്‍, ഡയറക്ടര്‍ കെ എ ഹാഷിം എന്നിവരാണ് ഈ സമിതിയിലെ മറ്റു അംഗങ്ങള്‍. സാമൂഹികശാസ്ത്രം , സയന്‍സ് എന്നീ പാഠപുസ്തകങ്ങളില്‍ ഉള്ളടക്കം കുത്തിനിറച്ചു എന്ന ആക്ഷേപം വന്നപ്പോഴാണ് വിദ്യാഭ്യാസ മന്ത്രി അത് പരിശോധിക്കാനും ഒപ്പം എല്ലാ പുസ്തകങ്ങളും സൂക്ഷ്മ പരിശോധന നടത്താനുമായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.

പാഠപുസ്തകങ്ങള്‍ പരിശോധിച്ച വിദഗ്ധ സമിതി തങ്ങളുടെ അധികാര പരിധിയിലല്ലാത്ത കാര്യങ്ങളില്‍ കൈക്കടത്തിയെന്നാണ് കമ്മിറ്റിക്കെതിരെയുള്ള പ്രധാന ആക്ഷേപം. പുതുതായി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങള്‍ യൂനിക്കോഡ് ഫോണ്ടില്‍ അച്ചടിക്കാനും ഇതിനായി സ്വതന്ത്ര സോഫ്ട് വെയറുകള്‍ ഉപയോഗിക്കാനും പകര്‍പ്പാവകാശ അനുമതി സ്വതന്ത്രമാക്കാനുമായിരുന്നു നേരത്തെ കരിക്കുലം കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാല്‍ ലിപിയുടെ കാര്യത്തില്‍ വിദഗ്ദ സമിതി എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. കമ്പ്യൂട്ടറിലെ ഫോണ്ടുകള്‍ മാറ്റി ഈ പ്രശ്‌നത്തെ മറികടക്കാമായിരുന്നെങ്കിലും ലിപിയുടെ പേര് പറഞ്ഞ് പകര്‍പ്പാവകാശ അനുമതിയും സ്വതന്ത്ര സോഫ്ട് വെയറുകളുടെ ഉപയോഗത്തെയും അട്ടിമറിക്കുകയായിരുന്നുവെന്ന് എസ് സി ഇ ആര്‍ ടി ക്ക് വേണ്ടി പ്രവര്‍ത്തിച്ച സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകര്‍ പറയുന്നു. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പാഠപുസ്തകത്തിന്റെ അച്ചടിയുടെ കാര്യത്തില്‍ പഴയ പോലെ തുടരാനാണ് വിദിച്ചതെന്നും അറിയുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ ഇദ്ദേഹം ഒപ്പ് വെച്ചിട്ടുമില്ല. പഴയ രീതി തുടരുമ്പോള്‍ ഇത്തരം കമ്പനികള്‍ക്ക് ഗുണകരമാകുമെന്നുമാണ് പ്രധാന വിമര്‍ശനം. കൂടാതെ മൊബൈലുകളിലും കേട്ട് പഠിക്കാനുള്ള സംവിധാനത്തിലും ഉപയോഗിക്കാനും സാധിക്കില്ല. കണ്ണുകാണാത്ത വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുന്ന പദ്ധതി കൂടിയാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. ഘട്ടം ഘട്ടമായി ഇത്തരം പരിഷ്‌ക്കാരം നടപ്പിലാക്കാമെന്നാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചത്. എന്നാല്‍ ഇടവിട്ടുള്ള ക്ലാസുകളില്‍ മാത്രം പാഠപുസ്തകം പരിഷ്‌ക്കരിക്കുമ്പോള്‍ തൊട്ടടുത്ത വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ച കിട്ടാത്ത പ്രയാസവുമുണ്ടായിരിക്കും.

Latest