അഭിഭാഷകന്റെ വധം: അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

Posted on: December 12, 2013 12:43 am | Last updated: December 12, 2013 at 12:43 am

കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകനായിരുന്ന അഡ്വ. എ ബദറുദ്ദീന്റെ കൊലപാതകത്തെകുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവായി.
കൊട്ടിയം പോലീസ് നടത്തിവരുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സംശയാസ്പദമാണെന്നും കാണിച്ചു ബാര്‍ അസോസിയേഷന്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. സംഭവ ദിവസം കൊലപാതകക്കുറ്റത്തിന് 302ാം വകുപ്പനുസരിച്ചു കേസെടുത്ത പോലീസ,് കേസ് അട്ടിമറിക്കുന്നതിനായി പ്രതികളെ സഹായിക്കുന്ന തരത്തില്‍ വകുപ്പ് തിരുത്തി 304 ആക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ അസാധാരണ യോഗം ചേര്‍ന്നു പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നു ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.
അംഗങ്ങളായ അഡ്വ. എ ഷാനവാസ്ഖാന്‍, അഡ്വ. കെ ജി പ്രസന്നരാജന്‍, അഡ്വ.ഇ ഷാനവാസ്ഖാന്‍, അഡ്വ. പാരിപ്പള്ളി ആര്‍ രവീന്ദ്രന്‍, അഡ്വ.കെപി ഗോപാലകൃഷ്ണപിള്ള, അഡ്വ.ആര്‍ രാജേന്ദ്രന്‍, അഡ്വ. ബോറിസ് പോള്‍ എന്നിവരാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. പി വിജയരാഘവനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന ആവശ്യവും അംഗീകരിച്ചു മന്ത്രി ഉത്തരവിട്ടു.