Connect with us

Kottayam

സ്വന്തമായി വീട് നിര്‍മിച്ചതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം 17 വര്‍ഷമായിട്ടും ലഭിച്ചില്ല

Published

|

Last Updated

ചേര്‍ത്തല: കെട്ടിട നിര്‍മാണത്തിനു ആളെ കിട്ടാതിരുന്നതിനാല്‍ ഒറ്റക്ക് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ വീട്ടുടമക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം 17 വര്‍ഷമായിട്ടും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീട്ടുടമ ഹൈക്കോടതിയെ സമീപിച്ചു.
ചേര്‍ത്തല മുട്ടത്തിപറമ്പ് പ്രിന്‍സി ഭവനത്തില്‍ പി സി മോഹനനാണ് 17 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വീടുനിര്‍മാണത്തിന് പണിക്കാരെ അന്വേഷിച്ച് മടുത്തപ്പോഴാണ് മോഹനന്‍ സ്വന്തം തന്നെ വീടുപണിയാന്‍ തീരുമാനിച്ചത്. കെട്ടിട നിര്‍മാണത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത മോഹനന്‍ സ്വന്തം വീട് നിര്‍മിക്കുവാന്‍ വാനം വെട്ടിയപ്പോള്‍ ഭാര്യ ലക്ഷ്മിക്കുട്ടിയും മകള്‍ പ്രിന്‍സിയും സഹായികളായി എത്തി. കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ക്കലും ഫൗണ്ടേഷന്‍ നിര്‍മാണവും വാര്‍ക്കലും തേപ്പുമൊക്കെ മോഹനന്‍ തന്നെ സ്വയം നിര്‍വഹിച്ചു.
ആറ് മുറികളും സിറ്റൗട്ടും സെപ്ടിക് ടാങ്കും കക്കൂസുമുള്ള ഇരുനില വീട് നിര്‍മിക്കാന്‍ രണ്ട് വര്‍ഷക്കാലവും 61,054 രൂപയുമാണ് ചെലവായത്. മോഹനന്റെ പരിശ്രമത്തെ പ്രകീര്‍ത്തിച്ച് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 1,001 രൂപയും നിലവിളക്കും നല്‍കി ആദരിച്ചിരുന്നു. കെട്ടിട നിര്‍മാണത്തില്‍ ഒരുപരിചയവുമില്ലാതിരുന്ന മോഹനന്‍ സ്വന്തമായി വീട് നിര്‍മിച്ചതറിഞ്ഞ് അന്നത്ത ഭവന നിര്‍മാണവകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫ് ഒരുലക്ഷം രൂപ അവാര്‍ഡും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നല്‍കിയത് 5000 രൂപ മാത്രമായിരുന്നു. 17 വര്‍ഷം പിന്നിടുമ്പോഴും മോഹനന്റെ വീടിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡ് തുകമാത്രം ലഭിച്ചിട്ടില്ല.
അവാര്‍ഡു തുക ലഭിക്കാനായി രേഖകള്‍ സഹിതം കഴിഞ്ഞ മന്ത്രിസഭയില്‍ ഭവനനിര്‍മാണ വകുപ്പുമന്ത്രിയായിരുന്ന ബിനോയ്‌വിശ്വത്തെ കാണുകയും അദ്ദേഹം അവാര്‍ഡു തുക നല്‍കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇതുവരെയും കൈമാറിയിട്ടില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. മോഹനനുവേണ്ടി അഡ്വ. കെ എന്‍ രജനി ചേര്‍ത്തല ഹൈക്കോടതിയില്‍ ഹാജരായി.