പുറത്താക്കപ്പെട്ട സീബ് സ്‌കൂള്‍ അധ്യാപകന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി

Posted on: December 11, 2013 1:58 pm | Last updated: December 11, 2013 at 1:58 pm

മസ്‌കത്ത്: സീബ് ഇന്ത്യന്‍ സ്‌കൂളില്‍നിന്നും പുറത്താക്കപ്പെട്ട സീനിയര്‍ അധ്യാപകന് നഷ്ടപരിഹാരം നല്‍കണമെന്ന മസ്‌കത്ത് പ്രാഥമിക കോടതി വിധി ഒമാന്‍ സുപ്രീം കോടതി ശരിവെച്ചു. സീബ് സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പലായിരുന്ന ടെറന്‍സ് ഏര്‍ഡ്‌ലി ഡിക്കിന് അനുകൂലമായാണ് കോടതിവിധി. ആഗസ്റ്റില്‍ വിസാ കലാവധി കഴിഞ്ഞ് രാജ്യത്ത് നിയമവിരുദ്ധമായി തുടര്‍ന്നിരുന്ന അദ്ദേഹം വിസ പുതുക്കി ലഭിക്കാന്‍ പല കേന്ദ്രങ്ങളെയും സമീപിച്ചിരുന്നെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ആശങ്കയോടെ രാജ്യത്തു തുടരവെയാണ് പരമോന്നത നീതിപീഠത്തില്‍നിന്നും അനുകൂല വിധിയുണ്ടായത്.
രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ രണ്ടു പതിറ്റാണ്ടിലധികം കാലം പ്രവര്‍ത്തിച്ച തന്നെ നിയമവിരുദ്ധമായാണ് പുറത്താക്കിയതെന്ന് കാണിച്ചാണ് ടെറന്‍സ് മസ്‌കത്ത് പ്രാഥമിക കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം കേസ് ഫയല്‍ ചെയ്തത്. ഹരജി പരിശോധിച്ച കോടതി വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. എന്നാല്‍ ഈ വിധിക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റും ബി ഒ ഡിയും ആദ്യം അപ്പീല്‍ കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും സമീപിക്കുകയായിരുന്നു. ഇതോടെയാണ് വിസ കാലാവധി കഴിഞ്ഞും ടെറന്‍സിന് രാജ്യത്ത് നിയമവിരുദ്ധമായി തുടരേണ്ടി വന്നത്. കീഴ്‌കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കണമെന്നു തന്നെയാണ് ഇപ്പോള്‍ സുപ്രീം കോടതിയും ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടെറന്‍സ് സീബ് ഇന്ത്യന്‍ സ്‌കൂളില്‍നിന്നും പുറത്താക്കപ്പെടുന്നത്. ഹരജി നല്‍കിയതിനെത്തുര്‍ന്ന് ഈ വര്‍ഷം മെയ് മാസത്തിലാണ് മസ്‌കത്ത് പ്രാഥമിക കോടതിയില്‍നിന്നും അദ്ദേഹത്തിന് അനുകൂലമായി ആദ്യവിധി വന്നത്. പ്രാഥമിക കോടതി വിധിയോടെ കേസ് അവസാനിക്കുമായിരുന്നുവെന്നും എന്നാല്‍ അപ്പീല്‍ പോയതിനെത്തുടര്‍ന്ന് ഇവിടെ തുടരേണ്ടി വന്നുവെന്നും ഒടുവില്‍ ഒമാന്‍ കോടതിയില്‍നിന്നും തനിക്കു നീതി ലഭിച്ചിരിക്കുന്നുവെന്നും മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ തന്റെ ജീവിതം കൊണ്ടാണ് ഇത്രയും നാള്‍ പന്താടിയത്. ജോലി നഷ്ടപ്പെട്ടപ്പോള്‍ ആരും പകരം ജോലി തരാന്‍ തയാറായില്ല. പുറത്താക്കപ്പെട്ടയാള്‍ എന്നത് തന്റെ വിശ്വാസ്യതയും തകര്‍ത്തു.
വിവിധ അസുഖങ്ങള്‍ കൊണ്ട് വിഷമിക്കുന്ന മാതാപിതാക്കളുടെ അടുത്ത് പോകാന്‍ പോലും കഴിയാതെയാണ് താന്‍ നാലു മാസമായി രാജ്യത്ത് നിയമവിരുദ്ധമായി തങ്ങിയത്. വിസക്കു വേണ്ടി സമീപിച്ചവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ നീതി കിട്ടിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിവിധി സീബ് ഇന്ത്യന്‍ സ്‌കൂളിന്റെയും ബി ഒ ഡിയുടെയും പ്രതിഛായക്കേറ്റ മങ്ങലാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കേസില്‍ കോടതി തീര്‍പ്പു കല്‍പിച്ച സാഹചര്യത്തില്‍ അതിന്റെ ഗുണവും ദോഷവും ചര്‍ച്ച ചെയ്യാനില്ല. കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം സ്‌കൂള്‍ അധികൃതര്‍ നല്‍കുമോ ഇല്ലയോ എന്നാണ് ഇനി കാണാനുള്ളതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. വൈസ് പ്രിന്‍സിപ്പലിന്റെ പുറത്താക്കലിനെ നേരത്തെ ഒരു പറ്റം രക്ഷിതാക്കളും എസ് എം സി അംഗങ്ങളും എതിര്‍ത്തിരുന്നു. ഒരു വിഭാഗം എസ് എം സി അംഗങ്ങളുടെ പിടിവാശിയിലാണ് കേസ് നടത്തുന്നതിനും നഷ്ടപരിഹാരത്തിനുമായി വേണ്ടി വരുന്ന സംഖ്യ സ്‌കൂളിന് നഷ്ടപ്പെടുത്തുന്നതെന്നും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സ്‌കൂളിന് കനത്ത ആഘാതമായിരിക്കും ഇതെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.