നഗരത്തിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം;കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ വിമര്‍ശം

Posted on: December 11, 2013 7:58 am | Last updated: December 11, 2013 at 7:58 am

കോഴിക്കോട്: കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശം. വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കാതെ കോര്‍പ്പറേഷന്‍ നേതൃത്വം സ്വന്തം നിലയില്‍ കുടിവെള്ള ഗുണനിലവാരം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിക്കാണെന്ന് പറഞ്ഞ മേയര്‍ പ്രേമജം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്ന് അറിയിച്ചു.
ഓടകള്‍ നവീകരിക്കാത്ത സാഹചര്യത്തില്‍ നഗരപരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലേറെയും മലിനപ്പെടുകയാണെന്നും ഇത് കാരണം തീരദേശ പ്രദേശങ്ങളുള്‍പ്പെടെയുള്ള മേഖലകളില്‍ പകര്‍ച്ച വ്യാധികള്‍ പകരുകയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ അബ്ദുല്ലക്കോയ ശ്രദ്ധ ക്ഷണിച്ചു. ഓടകളിലെ മലിനജലം സമീപപ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ള പൈപ്പുകളിലെ ജലത്തിലും കലരുന്നത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കും ഇടയാക്കിയതായും ഒന്നിലേറെ കല്യാണമണ്ഡപങ്ങളുള്ള മേഖലയിലാണ് കുടിവെള്ളം മലിനമാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളപ്രശ്‌നം സംബന്ധിച്ച് കൗണ്‍സില്‍ രൂക്ഷമായ വിമര്‍ശം ഏറ്റുവാങ്ങിയതാണെന്നും മാരകരോഗങ്ങള്‍ പകരാതിരിക്കാന്‍ കോര്‍പ്പറേഷന്റെ സംവിധാനമുപയോഗിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും സി പി എം കൗണ്‍സിലര്‍ സി പി മുസാഫര്‍ അഹമ്മദ് ആവശ്യപ്പെട്ടു.
കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കോര്‍പ്പറേഷനില്‍ നിലവില്‍ സൗകര്യമില്ലെന്ന് സെക്രട്ടറി ബല്‍രാജ് അറിയിച്ചു.
സ്‌കൂള്‍ പരിധിയില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ വിപണനം നടത്തുന്നത് നിരോധിച്ചതായും തീരദേശങ്ങളില്‍ കൂടി നിരോധനം പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാനമ്മ കുഞ്ഞുണ്ണി അറിയിച്ചു.
ഓരോ കല്യാണമണ്ഡപത്തിലെയും വെള്ളം പ്രതിദിനം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന അഭിപ്രായം ഉട്ടോപ്യന്‍ ചര്‍ച്ചയാണെന്നും ജലമാഫിയ കൊണ്ടുവരുന്ന വെള്ളം പരിശോധിക്കേണ്ടതില്ലെന്നുമുള്ള ജാനമ്മ കുഞ്ഞുണ്ണിയുടെ പരാമര്‍ശം കൗണ്‍സിലിന്റെ എതിര്‍പ്പിനിടയാക്കി. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് മുഹമ്മദലി അഭിപ്രായപ്പെട്ടു.
അതേസമയം നഗരപരിധിയില്‍ ചട്ടങ്ങള്‍ മറികടന്ന് ഫഌറ്റുകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പി കിഷന്‍ചന്ദ് കൊണ്ടുവന്ന പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചു.
കോര്‍പ്പറേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഫഌറ്റുകളുടെ എണ്ണവും അവക്ക് അനുമതി നല്‍കിയതിന്റെ വിവരവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ സി മോയിന്‍കുട്ടി മാര്‍ച്ച് ആറിന് നല്‍കിയ കത്ത് ഒമ്പത് മാസത്തിന് ശേഷം അജന്‍ഡയായി കൗണ്‍സിലില്‍ വന്നു. പതിനഞ്ച് മീറ്ററില്‍ അധികം ഉയരമുള്ള പ്രവൃത്തി പൂര്‍ത്തിയായ എത്ര റസിഡന്‍ഷ്യല്‍ ഫഌറ്റുകള്‍ ഉണ്ടെന്നും അവക്കെല്ലാം നമ്പറിട്ട് നികുതി ചുമത്തിയിട്ടുണ്ടോയെന്നുമുള്ള ഉപചോദ്യങ്ങളോട് കൂടിയാണ് കത്ത് അജന്‍ഡയായി വന്നത്. 69 ഫഌറ്റുകളുണ്ടെന്നറിയിച്ച മേയര്‍ ഉപചോദ്യങ്ങള്‍ക്ക് പരിശോധിച്ച ശേഷം കൃത്യമായ മറുപടി നല്‍കാമെന്ന് അറിയിച്ചു.
നഗരപരിധിയില്‍ മാനാഞ്ചിറ, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, തൊണ്ടയാട്, മെഡിക്കല്‍ കോളജ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച നാല് ഹൈമാക്‌സുകളുടെ എ എം സിക്കായി രണ്ട് കമ്പനികള്‍ മാത്രം ടെന്‍ഡര്‍ സമര്‍പ്പിച്ചത് സംബന്ധിച്ച് കെ മുഹമ്മദലി വിശദീകരണം ആവശ്യപ്പെട്ടു. ദേശാഭിമാനിയിലും മംഗളം ദിനപത്രത്തിലും മാത്രമാണ് ടെന്‍ഡര്‍ പരസ്യം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.