പാചക വാതക സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്ന്

Posted on: December 11, 2013 7:55 am | Last updated: December 11, 2013 at 7:55 am

വടക്കഞ്ചേരി: പാചക വാതക സബ്‌സിഡി വിതരണം നടപ്പിലാക്കിയ 20 ജില്ലകളില്‍ ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്നതിനാണിത്. പി കെ ബിജു എം പിയാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. തന്റെ ചോദ്യത്തിന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് സഹമന്ത്രി ലക്ഷ്മി നല്‍കിയ മറുപടി അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
അതേസമയം പാചക വാതക സബ്‌സിഡി വിതരണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാരും ഇതു സംബന്ധിച്ച് യാതൊരു ഉത്തരവും ലഭിച്ചിട്ടില്ലെന്ന് എണ്ണയുത്പാദന കമ്പനികളും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേരിട്ട് സബ്‌സിഡി വിതരണം നടപ്പിലാക്കിയ 20 ജില്ലകളിലെ 76,83,329 ഉപഭോക്താക്കളില്‍ ആധാര്‍ കാര്‍ഡ് ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച 55,98,980 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എണ്ണയുത്പാദന കമ്പനികള്‍ സബ്‌സിഡി വിതരണം ചെയ്തിട്ടുളളത്. ബാക്കി വരുന്ന 20,84,349 ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ സബ്‌സിഡി ആധാര്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഇതിന് എണ്ണക്കമ്പനികളെ മുന്നിര്‍ത്തുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് കേന്ദ്ര സഹമന്ത്രിയുടെ മറുപടിയില്‍ നിന്നും മനസ്സിലാകുന്നതെന്നും പി കെ ബിജു എം പി പറഞ്ഞു.
നേരിട്ട് സബ്‌സിഡി വിതരണം നടപ്പിലാക്കിയ 20 ജില്ലകളിലായി 76,83,329 ഉപഭോക്താക്കളാണുളളത്. ഇതില്‍ ബേങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധപ്പെടുത്തിയിട്ടുളള 55,98,980 ഉപഭോക്താക്കള്‍ക്ക് 782. 40 കോടി രൂപ വിതരണം ചെയ്തുവെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.
അതേസമയം റീഫില്‍ സിലിന്‍ഡറുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രക്രിയയിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി വിതരണം ചെയ്യുന്നതെന്ന് എണ്ണയുത്പാദന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
കൈമാറ്റം ചെയ്ത സബ്‌സിഡി മാര്‍ഗരേഖകള്‍ പ്രകാരമുളളതല്ലെന്നോ, നേരിട്ട് സബ്‌സിഡി വിതരണം നടപ്പിലാക്കുന്ന ജില്ലകളിലെ ഉപഭോക്താക്കള്‍ക്ക് റീഫില്‍ സിലിന്‍ഡറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്നോ ഉള്ള അംഗീക്യത പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എണ്ണയുത്പാദന കമ്പനികളെ ന്യായീകരിച്ചുകൊണ്ട് ഉപഭോക്താക്കളുടെ പരാതികള്‍ സംബന്ധിച്ച എം പി യുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.