Connect with us

Malappuram

മാവോയിസ്റ്റുകളെന്ന് സംശയം റബ്ബര്‍ തോട്ടത്തില്‍ അജ്ഞാതരായ രണ്ട് പേരെ കണ്ടതായി യുവാവ്

Published

|

Last Updated

കാളികാവ്: കാളികാവില്‍ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ അജ്ഞാതരായ രണ്ട് പേരെ കണ്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. വടക്കേക്കുന്നില്‍ സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്ന കരുവാരകുണ്ട് സ്വദേശി അറക്കല്‍ ബെന്നിയാണ് എസ്റ്റേറ്റിലെ റാട്ടപ്പുരയില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് രണ്ട് പേരേയും കണ്ടത്. സാധാരണ പാന്റ്‌സും ഷര്‍ട്ടും ധരിച്ചിരുന്നതായും ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബെന്നി പറഞ്ഞു.
കുടിക്കാന്‍ വെള്ളവും പണവും ചോദിച്ചതായും ഹിന്ദിയിലാണ് ഇവര്‍ സംസാരിച്ചതെന്നും ബെന്നി പറഞ്ഞു. ഭാഷ അറിയാത്തിനാലായിരിക്കും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞില്ല. വെള്ളം കുടിച്ച് രണ്ട് പേരും തൊട്ടടുത്ത പുല്ലങ്കോട് എസ്‌റ്റേറ്റിലൂടെ കയറിപ്പോയതായും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച സുഹൃത്തിനോട് സംഭവങ്ങള്‍ വിവരിച്ചപ്പോഴാണ് പുല്ലങ്കോട് എസ്‌റ്റേറ്റിലെ കളിമുറ്റത്തിന് സമീപം തോക്കുധാരികളായ രണ്ട് പേരെ കണ്ടതായി അറിയുന്നത്. കാളികാവ് എസ് ഐ പി രാധാകൃഷ്ണന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ ഒട്ടിച്ചിരിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോ കാണിച്ച് കൊടുക്കുകയും ചെയ്തു. ബെന്നി കണ്ടവരില്‍ ഒരാള്‍ക്ക് ഫോട്ടോയില്‍ പെട്ടയാളുടെ സാമ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുല്ലങ്കോട് എസ്‌റ്റേറ്റിലെ കളിമുറ്റത്ത് തോക്കുധാരികളായ രണ്ട് പേരെ കണ്ടത്. തൊട്ടടുത്ത ദിവസങ്ങളില്‍ സമീപ പ്രദേശത്ത് മാവോയിസ്റ്റുകളാണെങ്കില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് വന പാലകരും പോലീസും പറഞ്ഞിരുന്നു.