വന്‍ കൊള്ളക്കാര്‍ പുറത്ത്; ജയിലിലുള്ളത് ചെറിയ തട്ടിപ്പുകാര്‍: സെന്‍കുമാര്‍

Posted on: December 11, 2013 1:04 am | Last updated: December 11, 2013 at 1:04 am

തിരുവനന്തപുരം: നൂറ് കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയവര്‍ ജയിലിന്റെ വരാന്തപോലും കാണാതെ സമൂഹമധ്യത്തില്‍ ഭയമില്ലാതെ ജീവിക്കുമ്പോള്‍ ചെറിയ തട്ടിപ്പ് നടത്തിയവരാണ് അധികവും ജയിലില്‍ കഴിയുന്നതെന്ന് ഇന്റലിജന്‍സ്, ജയില്‍ എ ഡി ജി പി. ടി പി സെന്‍കുമാര്‍.
മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ‘മനുഷ്യാവകാശസംരക്ഷണത്തില്‍ പോലീസിന്റെ പങ്ക്’ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോടതികളില്‍ നിന്നുപോലും മനുഷ്യാവകാശലംഘനം ഉണ്ടാകുന്ന കാലമാണിത്. ഒരിക്കല്‍ അത്തരം അനുഭവം ഉണ്ടായ താന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നെന്നും സെന്‍കുമാര്‍ പറഞ്ഞു.
നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈയേറി കൊട്ടാരം പണിയുന്നവനെ സല്യൂട്ട് ചെയ്യാനും ഒരു സെന്റ് കൈയേറി പെട്ടിക്കട കെട്ടുന്നവന്റെ സാധനസാമഗ്രികള്‍ എടുത്തുകളയാനുമാണ് കേരളാ പോലീസിന് താത്പര്യം. 10 രൂപ കിട്ടുന്നവനില്‍ നിന്നും അഞ്ച് രൂപ കൈക്കൂലി വാങ്ങുന്നതും 50 ലക്ഷം കിട്ടുന്നവനില്‍ നിന്നും 10 ലക്ഷം കൈക്കൂലി വാങ്ങുന്നതും തമ്മില്‍ വേദനാജനകമായ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. അക്രമം നടത്തുന്നവര്‍ക്കുള്ളതാണ് ഇന്ന് മനുഷ്യാവകാശം. സംസ്ഥാനത്ത് ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മ, മാലിന്യം തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ക്കും പരാതിയില്ല.
40 ശതമാനം പട്ടിക വിഭാഗക്കാരില്‍ 80 ശതമാനം പേരും മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നവരാണ്. മനുഷ്യാവകാശത്തിന്റെ മുഖം മൂടിയണിഞ്ഞ തീവ്രവാദി സംഘടനകള്‍ കേരളത്തില്‍ പെരുകുകയാണ്.
ചലച്ചിത്ര നടന്‍ കലാഭവന്‍ മണി സ്വര്‍ണം കടത്തിയതായി ആരോപണം ഉന്നയിച്ചു. എന്നാല്‍ അതില്‍ കസ്റ്റംസിന് തെറ്റ് പറ്റിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നെങ്കിലും മണിയുടെ മനുഷ്യാവകാശം ആരാണ് രക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഡോ. എന്‍ കെ ജയകുമാര്‍, ഡോ. എന്‍ കൃഷ്ണകുമാര്‍ പ്രസംഗിച്ചു.