Connect with us

Editorial

ജയിലുകളില്‍ നിന്ന് മോശം വാര്‍ത്തകള്‍ വീണ്ടും

Published

|

Last Updated

ടി പി വധക്കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗ വിവരം പുറത്തായതിനെ തുടര്‍ന്നു ഫോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ ജയിലുകള്‍ അരിച്ചു പെറുക്കി പരിശോധന നടത്തുകയാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ തടവുകാരുടെ ഫോണ്‍ വിളിയിലോ ഫേസ്ബുക്ക് ഉപയോഗത്തിലോ ഒതുങ്ങൂന്നതല്ല ജയിലുകളിലെ ക്രമക്കേടുകളെന്നും ഹഫ്ത പിരിവ്, വേശ്യാവൃത്തി, മദ്യ മയക്കു മരുന്ന് വിതരണം തുടങ്ങി എല്ലാ വിധ അനാശാസ്യ പ്രവര്‍ത്തനങ്ങളും, ഗുണ്ടായിസവും ജയിലുകളില്‍ നടക്കുന്നുണ്ടെന്നുമാണ് അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. കാസര്‍കോട് ചീമേനി ജയിലിലാണ് തടവുകാര്‍ക്ക് മൊബൈല്‍ ഫോണിനും മദ്യത്തിനും പുറമെ വേശ്യകളെയും ലഭിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. കോഴിക്കോട് ജയിലിലെ ടി പി വധക്കേസ് പ്രതികളായ കൊടിസുനിയും സംഘവും റിമാന്‍ഡ് പ്രതികളെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ലക്ഷങ്ങള്‍ പിരിച്ച വിവരം വെളിപ്പെട്ടത് ജയില്‍ ഡി ജി പി സെന്‍കുമാര്‍ നടത്തിയ അന്വേഷണത്തലാണ്. ജയിലില്‍ പുതുതായി എത്തുന്ന പ്രതികളെ സംബന്ധിച്ച വിവരം സംഘത്തിന് ജയില്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി നല്‍കുമത്രെ. ഇതടിസ്ഥാനത്തില്‍ പ്രതികള്‍ ജയിലിലെത്തിയ ഉടനെ തന്നെ സംഘം അവരെ മര്‍ദിക്കുകയും വന്‍ തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഗത്യന്തരമില്ലാതെ ഇരകള്‍ ബന്ധുക്കളുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന സംഖ്യ എത്തിച്ചുകൊടുക്കുന്നു.
കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതോടൊപ്പം മാനസിക പരിവര്‍ത്തനത്തിനും നല്ലനടപ്പിനും അവസരമൊരുക്കി പുതിയൊരു മുനുഷ്യനാക്കി മാറ്റിയെടുക്കുകയാണ് ജയിലുകളുടെ ധര്‍മമെന്നാണ് വെപ്പ്. പകരം ചെറിയ കുറ്റവാളികളെ കൊടിയ കുറ്റവാളികളാക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കയാണ് സംസ്ഥാനത്തെ ജയിലുകള്‍. അല്‍പ്പം രാഷ്ട്രീയ പിടിപാടോ, സാമ്പത്തികോന്നതിയോ ഉള്ള തടവുപുള്ളികള്‍ക്ക് ഇന്ന് ജയിലില്‍ കിട്ടാത്തതായി ഒന്നുമില്ല. അവരുടെ എന്ത് കാര്യവും സാധിപ്പിച്ചു കൊടുക്കാന്‍ തയാറുള്ള ഉദ്യോഗസ്ഥരാണല്ലോ സംസ്ഥാനത്തെ ജയിലുകളെ നിയന്ത്രിക്കുന്നത്. പണമുള്ളവര്‍ക്കും രാഷ്ട്രീയസ്വാധീനമുള്ളവര്‍ക്കും ജയിലില്‍ സുഖവാസവും പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും പീഡനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. ജയിലിലെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിഞ്ഞാട്ടവും സംബന്ധിച്ചു നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകളിലെല്ലാം ജിയില്‍ ഉദ്യോഗസ്ഥര്‍ക്ക് അതിലുള്ള പങ്ക് പ്രത്യേകം പരാമര്‍ശിച്ചതായി കാണാം. ജയില്‍ പ്രതികളെ മാറ്റിയത് കൊണ്ടോ, ജയില്‍ സന്ദര്‍ശനത്തിന് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കൊണ്ടോ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. ജയില്‍ ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താനുള്ള തന്റേടമാണ് അധികൃതരില്‍ നിന്ന് ആദ്യമായി വേണ്ടത്.
ജയിലിലെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന മിക്ക സംഭവങ്ങളിലും ഉദ്യോഗസ്ഥര്‍ അധികൃതരെ സ്വാധീനിച്ചു രക്ഷപ്പെടകുയാണ് പതിവ്. ചീമേനി ജയിലില്‍ തടവുകാര്‍ക്ക് വേശ്യകളെ എത്തിച്ചു കൊടുത്തതുമായി ബന്ധപ്പെട്ട് ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും അന്വേഷണം നടന്നില്ല. മാത്രമല്ല, പേരിനൊരു നടപടി എന്ന നിലയില്‍ ആരോപണവിധേയരായ ജീവനക്കാരെ സ്ഥലം മാറ്റിയപ്പോള്‍ അവരിലൊരാളെ ഉദ്യോഗക്കയറ്റം നല്‍കി ആദരിക്കുകയുമുണ്ടായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ സൈനികരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ വിദേശമാധ്യമ പ്രവര്‍ത്തകരെ അനുവദിച്ച സംഭവം വിവാദമായതാണ്. ഗുരുതരമായ ഈ ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അവരെ ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാറില്‍ നിന്നുണ്ടായത്. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസടക്കമുള്ള പ്രദേശങ്ങള്‍ ഫോട്ടോഗ്രാഫി നിരോധിത മേഖലയായിരുന്നിട്ടും സൂപ്രണ്ടിന്റെ തൊട്ടടുത്ത മുറിയില്‍ നിന്നാണ് അന്ന് ഫോട്ടോ എടുത്തത്. സംഭവത്തെപ്പറ്റി ഒരു തരത്തിലുള്ള അന്വേഷണമോ ജീവനക്കാരോട് വിശദീകരണം തേടലോ ഉണ്ടായില്ല. പടമെടുത്തത് ഇറ്റലിക്കാരായതു കൊണ്ട് അത്തരം നടപടിളൊന്നും വേണ്ടെന്ന് സര്‍ക്കാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
സര്‍ക്കാറിന്റെ ഇത്തരം നപടികള്‍ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലെ അഴിമതിക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആക്കം കൂട്ടുക സ്വാഭാവികം. ശിക്ഷാനടപടികളും അന്വേഷണവുമൊക്കെ ആളും തരവും നോക്കി മതിയെന്ന സര്‍ക്കാര്‍ പാഠമാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. ജയിലുകളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള വാര്‍ത്തകള്‍ക്ക് ഇനിയും കാതോര്‍ക്കാമെന്നതിലുപരി സംസ്ഥാനത്തെ ജയിലുകളില്‍ ഒരഴിച്ചു പണിയോ, ശുദ്ധികലശമോ പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും.